ചെറിയപെരുന്നാള്‍: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ദുബായ്: റമദാന് അവസാന നാളുകളിലേക്ക് അടുക്കെ പെരുന്നാളിനെ (ഈദുല്‍ ഫിത്ര്) വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവനുമുള്ള ഇസ്ലാം മത വിശ്വാസികള്‍.
പെരുന്നാളിനോടനുബന്ധിച്ച് യുഎഇ സ്വകാര്യമേഖലയിലെ അവധി പ്രഖ്യാപിച്ചു. റമദാന് 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് നേരത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും അവധി ലഭിക്കും. റമദാന് 29 മുതല്‍ ശവ്വാല്‍ 3 വരെ ശമ്ബളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ് പെരുന്നാള്‍ എത്തുക എന്നതിനാലാണ് അറബി മാസപ്രകാരം അവധി പ്രഖ്യാപിച്ചത്.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം റമസാനിലെ 29-ാം ദിവസം ഏപ്രില്‍ 20 ന് ആയിരിക്കും. അതിനാല്‍ പെരുന്നാള്‍ അവധികള്‍ വ്യാഴാഴ്ച ആരംഭിക്കും. പൊതുമേഖലയെ പോലെ സ്വകാര്യമേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികള്‍ നല്‍കാനുള്ള യുഎഇ മന്ത്രിസഭാ തീരുമാനപ്രകാരമാണ് അവധികള്‍ പ്രഖ്യാപിച്ചത്.

