ഉയരം അഞ്ചിഞ്ച് കൂട്ടണം, ശസ്ത്രക്രിയയ്‍ക്ക് യുവാവ് ചെലവഴിച്ചത് ഒരുകോടിക്ക് മുകളിൽ

നീളം കൂട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മനുഷ്യൻ ഉള്ള നീളം കൊണ്ട് തൃപ്തിപ്പെടുക എന്ന് മാത്രമേ ഉള്ളൂ. എന്നാൽ, ഇപ്പോൾ കാലം പോകുന്നത് അനുസരിച്ച് വേദനയും ചിലവുമേറിയ സർജറിയിൽ കൂടി ആളുകൾ നീളം കൂട്ടുന്നുണ്ട്. അതുപോലെ യുഎസ്സിലെ ഒരു യുവാവ് അഞ്ച് ഇഞ്ച് കൂട്ടുന്നതിന് വേണ്ടി കഠിനമായ സർജറിയിലൂടെ കടന്നു പോയി. മോസസ് ഗിബ്സൺ എന്ന യുവാവാണ് ഒരുപാട് പണം ചെലവാക്കി, വേദനയിലൂടെ കടന്നുപോയി താൻ ആഗ്രഹിച്ച ഉയരം നേടാൻ കഷ്ടപ്പെടുന്നത്. നീളം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് സങ്കടങ്ങളിലൂടെ താൻ കടന്നു പോയി എന്നാണ് മോസസ് പറയുന്നത്. ഒരൽപം നീളം കൂട്ടുന്നതിന് വേണ്ടി അനേകം വഴികൾ ഇയാൾ സ്വീകരിച്ചു. എന്നാൽ, നീളം കൂടിയില്ല. നമുക്ക് അറിയാം നീളം കൂട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല എന്ന്. അതിനാൽ തന്നെ എല്ലാത്തിനും ഒടുവിൽ മോസസ് നീളം കൂട്ടാനുള്ള സർജറി തന്നെ തെരഞ്ഞെടുത്തു. സർജറിയുടെ സമയത്ത് കടുത്ത വേദനയിലൂടെയാണ് ഈ 41 -കാരൻ കടന്നു പോയത്. അതിന്റെ പേരിൽ ഒരുപാട് പണവും ഇയാൾക്ക് ചെലവഴിക്കേണ്ടി വന്നു. 2016 -ലാണ് ആദ്യത്തെ സർജറിയിലൂടെ ഇയാൾ കടന്നു പോയത്. അന്ന് മൂന്ന് ഇഞ്ച് ഉയരമാണ് കൂട്ടിയത്. പിന്നീട് രണ്ട് ഇഞ്ച് ഉയരം കൂട്ടുന്നതിന് വേണ്ടി അടുത്തിടെ അടുത്ത ശസ്ത്രക്രിയയ്ക്കും വിധേയനായി. ആദ്യത്തെ ശസ്ത്രക്രിയയ്‍ക്ക് ചെലവാക്കേണ്ടി വന്നത് 61.48 ലക്ഷം രൂപയാണ്. രണ്ടാമത്തെ ശസ്ത്രക്രിയയ്‍ക്ക് ചെലവായത് 80.34 ലക്ഷം രൂപയും. രണ്ട് ശസ്ത്രക്രിയകൾക്കും കൂടി 1.3 കോടി രൂപ മോസസിന് ആകെ ചെലവായി കഴിഞ്ഞു. ഈ വർഷം ജൂൺ മാസത്തിൽ താൻ ആഗ്രഹിക്കുന്ന അഞ്ചടി പത്തിഞ്ച് ഉയരത്തിലേക്ക് താൻ എത്തും എന്നാണ് മോസസ് പ്രതീക്ഷിക്കുന്നത്. ഉയരം കുറവായതിന്റെ പേരിൽ ഒരുപാട് കളിയാക്കലുകൾ താൻ കേട്ടിട്ടുണ്ട് എന്ന് മോസസ് പറയുന്നു. എന്നാൽ, അത് തന്നെ നിരാശനൊന്നും ആക്കിയില്ല. പക്ഷ, ഉയരം കൂട്ടാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് താൻ നോക്കിയിരുന്നു എന്നാണ് മോസസ് പറയുന്നത്. സോഫ്റ്റ്‍വെയർ എഞ്ചിനീയറായ മോസസ് രാത്രിയിൽ ഊബർ കൂടി ഓടിയിട്ടാണ് ശസ്ത്രക്രിയയ്‍ക്കുള്ള പണം സംഘടിപ്പിച്ചത്.