രണ്ട് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം; യാത്രക്കാരെ ഭീതിയിലാഴ്ത്തി ചണ്ഡീഗഡ് വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ ലാന്‍ഡിങ്

ചണ്ഡീഗഢ്: അയോധ്യയില്‍ നിന്ന് ഡല്‍ഹിക്കുപോയ ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിട്ടതിന് പിന്നാലെ ചണ്ഡീഗഡ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത് ഒന്നോ രണ്ടോ മിനുറ്റ് സമയം മാത്രം പറക്കാനുള്ള ഇന്ധനം ബാക്കിനില്‍ക്കെ. ഇന്‍ഡിഗോയുടെ 6E2702 വിമാനമാണ് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.
ശനിയാഴ്ചയാണ് സംഭവം. നിശ്ചയിച്ചതിലും ഒമ്പത് മിനുറ്റ് നേരത്തേ, വൈകീട്ട് 03:16-നാണ് അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനം പറന്നുയര്‍ന്നത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു ലക്ഷ്യസ്ഥാനം.
ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ഇന്‍ഡിഗോ വിമാനം രണ്ട് തവണ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അതിന് സാധിക്കാതെ ‘ഗോ എറൗണ്ട്’ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് വിമാനം ചണ്ഡീഗഢിലേക്ക് തിരിച്ചുവിട്ടത്. ചണ്ഡീഗഢില്‍ 06:16-ഓടെ ലാന്‍ഡ് ചെയ്യുമ്പോള്‍ രണ്ട് മിനുറ്റോളം സമയം കൂടി മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തില്‍ ഉണ്ടായിരുന്നുള്ളൂ.
വിമാനത്തിലുണ്ടായിരുന്ന ഡല്‍ഹി പോലീസിലെ ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈം) സതീഷ് കുമാറാണ് ഇക്കാര്യം എക്‌സിലൂടെ പുറംലോകത്തെ അറിയിച്ചത്. വളരെ ഭീതിദമായ അനുഭവമാണ് കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടയില്‍ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
‘ഡല്‍ഹി വിമാനത്താവളത്തില്‍ മോശം കാലാവസ്ഥയാണെന്നും 45 മിനുറ്റ് കൂടി പറക്കാനുള്ള ഇന്ധനം വിമാനത്തിലുണ്ടെന്നും 04:15-ന് പൈലറ്റ് അനൗണ്‍സ് ചെയ്തു. രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല. അടുത്ത നടപടി എന്താണെന്ന് തീരുമാനിക്കാനായി വീണ്ടും കുറേ സമയം പാഴാക്കി. ഒടുവില്‍ 05:30-ന് വിമാനം ചണ്ഡീഗഢില്‍ ലാന്‍ഡ് ചെയ്യുകയാണെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്തു. ഇന്ധനത്തെ കുറിച്ചുള്ള ആദ്യ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ് 75 മിനുറ്റിന് ശേഷമായിരുന്നു ഇത്. ഈ സമയം പരിഭ്രാന്തരായ നിരവധി യാത്രക്കാരും ജീവനക്കാരില്‍ ഒരാളും ഛര്‍ദ്ദിക്കാന്‍ ആരംഭിച്ചു. അവസാനം ഇന്ധനത്തെ കുറിച്ചുള്ള അനൗണ്‍സ്‌മെന്റിന് 115 മിനുറ്റുകള്‍ക്ക് ശേഷം വിമാനം ചണ്ഡീഗഢില്‍ ഇറങ്ങി. ഒന്നോ രണ്ടോ മിനുറ്റ് മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തില്‍ ശേഷിച്ചിരുന്നുള്ളൂവെന്ന് ലാന്‍ഡിങ്ങിന് ശേഷം ജീവനക്കാര്‍ പറഞ്ഞു.’ -സതീഷ് കുമാര്‍ എക്‌സില്‍ കുറിച്ചു
യാത്രക്കാര്‍ക്ക് ദുരിതമായിരുന്നു ഈ അനുഭവമെന്ന് പറഞ്ഞ അദ്ദേഹം തലനാരിഴയ്ക്കുള്ള രക്ഷപ്പെടലായിരുന്നോ ഇതെന്ന് ചോദിച്ചു. സാധാരണ നടപടിക്രമങ്ങള്‍ (എസ്.ഒപി) പാലിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്ന് സതീഷ് കുമാര്‍ വ്യോമയാനമന്ത്രാലയത്തേയും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനേയും ടാഗ് ചെയ്തുകൊണ്ട് അഭ്യര്‍ഥിച്ചു.
സംഭവം പുറത്തുവന്നതോടെ ആശങ്ക പ്രകടിപ്പിച്ച് നിരവധി യാത്രക്കാരും മുന്‍ പൈലറ്റുമാരും രംഗത്തെത്തിയിട്ടുണ്ട്. സാധാരണ നടപടിക്രമങ്ങള്‍ (എസ്.ഒ.പി) ലംഘിക്കപ്പെട്ടോ എന്ന സംശയവും പലരും ഉന്നയിച്ചു.
അതേസമയം ചട്ടങ്ങള്‍ പ്രകാരം വിമാനം തിരിച്ചുവിടാന്‍ ആവശ്യമായ റിസര്‍വ് ഇന്ധനം 6E2702 വിമാനത്തിലുണ്ടായിരുന്നുവെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പ്രസ്താവനയിലൂടെയായിരുന്നു ഇന്‍ഡിഗോയുടെ പ്രതികരണം. എസ്.ഒ.പി. കൃത്യമായി പാലിച്ചുകൊണ്ടാണ് വിമാനത്തിന്റെ ക്യാപ്റ്റന്‍ ഗോ എറൗണ്ട് നടത്തിയതെന്നും ഇത് സുരക്ഷിതമായ പ്രക്രിയയായിരുന്നുവെന്നും ഇന്‍ഡിഗോ അറിയിച്ചു. മറ്റൊരു വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാന്‍ മതിയായ ഇന്ധനം വിമാനത്തിലുണ്ടായിരുന്നുവെന്നും ഇന്‍ഡിഗോ വ്യക്തമാക്കി