ജനം ഒന്നിച്ചു, ദിവസങ്ങള്‍കൊണ്ട് കേരളം 34 കോടി സമാഹരിച്ചു, അതാണ് ആര്‍എസ്എസ്സിനുള്ള മറുപടി- രാഹുല്‍

കോഴിക്കോട്: നരേന്ദ്ര മോദിക്കും ആര്.എസ്.എസ്സിനുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി. സര്‍ക്കാര്‍ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് ബോണ്ട് ലോകത്തെ ഏറ്റവും വലിയ കൊള്ളയാണെന്ന് രാഹുല്‍ ആരോപിച്ചു. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന റഹീമിനെ രക്ഷിക്കാന്‍ ജാതിമതഭേദമെന്യെ മലയാളികള്‍ ഒന്നിച്ചത് ആര്.എസ്.എസ്സനുള്ള കേരളത്തിന്റെ നിശബ്ദമായ മറുപടിയാണെന്നും രാഹുല്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് നടന്ന യു.ഡി.എഫ്. മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിലെ 25 പണക്കാര്‍ക്ക് വേണ്ടി 16 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 24 വര്‍ഷത്തെ തുകയ്ക്ക് തുല്യമാണ് ഇത്. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, പ്രതിരോധ കരാറുകള്‍, ഊര്‍ജ്ജമേഖല, സൗരോര്‍ജ്ജമേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങി എല്ലാം ഒരു ബിസിനസുകാരന് കൊടുത്തു. അതിന്റെ അനന്തരഫലമായി 45 വര്‍ഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുണ്ടായത്.’ -രാഹുല്‍ ഗാന്ധി പറഞ്ഞു.
‘കേരളം ഉറക്കെ സംസാരിക്കുന്നവരുടെ നാടല്ല. പക്ഷേ സംസാരിക്കാന്‍ കേരളം തീരുമാനിച്ചാല്‍, അത് നിശബ്ദമായിരിക്കും, പക്ഷേ അത് വളരെ കരുത്തുറ്റതാകും. കേരളം വിഭജിക്കപ്പെട്ടുവെന്നും സമുദായങ്ങള്‍ തമ്മിലടിക്കുകയാണെന്നുമാണ് ആര്.എസ്.എസ്സും ബി.ജെ.പിയും പ്രചരിപ്പിക്കുന്നത്. ഉറക്കെ സംസാരിച്ചുകൊണ്ടല്ല കേരളം അതിന് മറുപടി പറഞ്ഞത്. എന്നാല്‍ കേരളം നിശബ്ദമായി അവര്‍ക്ക് മറുപടി നല്കി. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ വേണ്ടി ജാതിമതഭേദമെന്യെ മലയാളികള്‍ ഒന്നിച്ചു. ആരും അയാളുടെ മതം ഏതാണെന്ന് ചോദിച്ചില്ല. ദിവസങ്ങള്‍ കൊണ്ട് കേരളം അദ്ദേഹത്തിന് വേണ്ടി 34 കോടി രൂപ സമാഹരിച്ചു. ഇതായിരുന്നു ആര്.എസ്.എസ്സിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേരളം നല്കിയ മറുപടി.’ -രാഹുല്‍ പറഞ്ഞു.
‘കേരളത്തിലേക്ക് വരുമ്പോള്‍ വലിയ സന്തോഷം. വീട്ടിലേക്ക് വരുന്നത് പോലെ. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിലെ ജനങ്ങള്‍ തന്നെ പല കാര്യങ്ങളും പഠിപ്പിച്ചു. കേരളത്തെ ദൂരെ നിന്നാണ് കണ്ടത്. എന്നാല്‍ ഇപ്പോള്‍ എനിക്ക് കേരളത്തെ അടുത്തുനിന്നു കാണാന്‍ അവസരം കിട്ടി. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമല്ല. കേരളമെന്നാല്‍ ഒരു സംസ്കാരമാണ്. അത് സമീപകാലത്തുണ്ടായതല്ല. പുരാതന കാലം മുതല്‍ തന്നെ ലോകത്തിലെ വിവിധഭാഗങ്ങളുമായി ബന്ധമുണ്ട്. കേരളത്തില്‍ എവിടെ ചെന്നാലും ജനങ്ങളില്‍ നിന്ന് സ്നേഹവും ബഹുമാനവും ലഭിക്കുന്നു.’ -രാഹുല്‍ ഗാന്ധി പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.