ചൗക്കിയില്‍ പൊലീസിനു നേരെ അക്രമം: എസ്‌ഐയ്ക്കും പൊലീസുകാരനും പരിക്ക്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാസർകോട്: ചൗക്കിയിൽ പൊലീസിനു നേരെ അക്രമം. എസ്.ഐയുടെ യൂണിഫോമിൽ കുത്തിപ്പിടിച്ച് നെയിം പ്ലേറ്റ് പൊട്ടിക്കുകയും പൊലീസുകാരനെ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തതായി പരാതി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയായ മൊഗ്രാൽപുത്തൂർ, മജൽ ഹൗസിലെ എം. മുഹമ്മദ് ഷരീഫി(40) നെ ടൗൺ എസ്ഐ പ്രദീപ് കുമാർ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ചൗക്കി ഏരിയാക്കോട്ട ഭഗവതി ക്ഷേത്രത്തിനു സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന കാസർകോട് ടൗൺ എസ്.ഐ എൻ. അൻസാർ, സിവിൽ പൊലീസ് ഓഫീസർ സനീഷ് ജോസഫ് എന്നിവരാണ് അക്രമത്തിനു ഇരയായത്. വാഹനപരിശോധന നടത്തുന്നതിനിടയിൽ എത്തിയ ഓട്ടോയുടെ ഡ്രൈവറാണ് മുഹമ്മദ് ഷരീഫ്. ഓട്ടോ കൈ കാണിച്ച് നിർത്തി ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ എസ്.ഐ.യുടെ യൂണിഫോമിൽ കുത്തിപ്പിടിച്ച് നെയിംപ്ലേറ്റ് പൊട്ടിക്കുകയും തടയാൻ ശ്രമിച്ച പൊലീസുകാരനെ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

