മുംബൈയിൽ ഹോർഡിങ് തകർന്നുവീണ സംഭവം; പരസ്യ ഏജൻസി ഉടമ ബലാത്സംഗക്കേസിലെ പ്രതി

മുംബൈ: ഘാട്കോപ്പറിലെ ചെഡ്ഡാ നഗറിൽ കൂറ്റൻ പരസ്യ ബോർഡ് പെട്രോൾ പമ്പിനു മുകളിലേക്ക് തകർന്നുവീണ് 14 പേർ മരിച്ച സംഭവത്തിൽ പരസ്യ ഏജൻസി ഉടമ ഭവേഷ് ഭിൻഡെയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്തു. നിലവിൽ ഭവേഷ് ഒളിവിലാണ്, ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണെന്നും പൊലീസ് വ്യക്തമാക്കി
ഇഗോ മീഡിയ ഡയറക്ടറായ ഭവേഷ് പൊലീസിന് അപരിചിതനല്ലെന്നാണ് അദ്ദേഹത്തിന്റെ പേരിൽ റജിസ്റ്റർ ചെയ്ത കേസുകൾ തെളിയിക്കുന്നത്. ഭവേഷിന്റെ പേരിൽ ഇരുപതിലധികം കേസുകൾ ഉള്ളതായി പൊലീസ് പറയുന്നു. ഇതിലൊന്ന് ബലാംത്സംഗക്കേസാണ്. ഈ വർഷം ജനുവരിയിലാണ് ഈ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ മുലുൻഡ് നിയോജക മണ്ഡലത്തിൽനിന്നു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുള്ള ഭവേഷിനെതിരെ റജിസ്റ്റർ ചെയ്തിരിക്കുനതിൽ ചെക്കുകേസുകളുമുണ്ട്.
ചെഡ്ഡാനഗറിലെ പടുകൂറ്റൻ ഹോർഡിങ് തകർന്നുവീണതിന്റെ പശ്ചാത്തലത്തിൽ നടപടികൾ കർശനമാക്കിയിരിക്കുകയാണ് ബിഎംസി അധികൃതർ. ‘‘നഗരത്തിലെ എല്ലാ അനധികൃത ഹോർഡിങ്ങുകൾക്കെതിരെയും നടപടിയെടുക്കാൻ ഞങ്ങൾ ഉത്തരവിട്ടിട്ടുണ്ട്. കാറ്റിൽ തകർന്നുവീണ ഹോർഡിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്. ഹോർഡിങ് സ്ഥാപിക്കുന്നതിന് അനുമതി നല്കിയിരുന്നില്ല. ഈ ഹോർഡിങ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും മരങ്ങൾ മുറിച്ചുനീക്കിയതായി പരാതി ലഭിച്ചിട്ടുണ്ട്’’ – ബിഎംസി കമ്മിഷണർ ഭൂഷൺ ഗഗ്രാനി പറയുന്നു.
എന്നാൽ ഹോർഡിങ് സ്ഥാപിക്കുന്നതിന് അസിസ്റ്റൻറ് കമ്മിഷണർ ഓഫ് പൊലീസിൽനിന്ന് അനുമതി ലഭിച്ചതായാണ് ഏജൻസി വ്യക്തമാക്കുന്നത്. ഇതുമാത്രം പോര മുനിസിപ്പൽ കോർപറേഷൻ അനുമതിയും പ്രധാനമാണെന്ന് ബിഎംസി അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ നഗരത്തിൽ ഹോർഡിങ് സ്ഥാപിക്കുന്നതിനു മുനിസിപ്പൽ കോർപറേഷൻ അനുമതി തേടുന്നില്ലെന്നു കാണിച്ച് അധികൃതർക്കു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബിഎംസി അധികൃതർ വ്യക്തമാക്കി. നിലവിൽ പരുക്കേറ്റവരുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രധാന്യം നൽകുന്നതെന്നും അവർ വ്യക്തമാക്കി.

