ലൈഫ് മിഷനിൽ വീടുണ്ടെന്നറിഞ്ഞ് പഴയ വീട് പൊളിച്ചപ്പോൾ ആളു മാറി; പരാതിക്കാരിയെ ഓഫിസിൽ പൂട്ടിയിട്ടു

കാസർകോട്∙ ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീടില്ലെന്നറിഞ്ഞു പഞ്ചായത്ത് ഓഫിസിൽ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് പൊലീസ് കേസ്. അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിയെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫിസിൽ വിഇഒ എം.അബ്ദുൽ നാസർ വാതിലിന്റെ ഓടാമ്പലിട്ടു പൂട്ടി പുറത്തു പോയെന്നാണ് പരാതി. തുടർന്നുണ്ടായ ബഹളത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജലും മറ്റ് അംഗങ്ങളും ബഹളം വച്ചതോടെയാണ് തുറന്നുവിട്ടത്.
ഇതിനിടയിൽ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയെന്നാരോപിച്ച് വിഇഒ അബ്ദുൽ നാസർ പൊലീസിൽ നൽകിയ പരാതിയിൽ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജൽ, സാവിത്രി, ഉഷ തുടങ്ങിയവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഓഫിസിൽ പൂട്ടിയിട്ടുവെന്ന സാവിത്രിയുടെ പരാതിയിൽ അബ്ദുൽ നാസറിനെതിരെയും പൊലീസ് കേസെടുത്തു.
ലൈഫ് പദ്ധതിയിൽ വീട് ഉണ്ടെന്ന് അധികൃതർ പറഞ്ഞതിനാൽ പഴയ വീട് പൊളിച്ചിരുന്നു. എന്നാൽ പിന്നീടാണ് ആളു മാറിപ്പോയതാണെന്ന് പറയുന്നത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നൽകിയ എല്ലാ രേഖകളും തിരികെ നൽകാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ വിഇഒ തയാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്.
സാവിത്രിയുടെ പേര് പട്ടികയിൽ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേര് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉണ്ടെന്നും പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് വിഇഒ പറയുന്നത്.

