KSDLIVENEWS

Real news for everyone

പ്രത്യാക്രമണവുമായി ഇസ്രയേൽ; ഇറാന്റെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ലക്ഷ്യമിട്ട് ശക്തമായ ആക്രമണം

SHARE THIS ON

ടെഹ്റാന്‍: വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും ഇസ്രയേലിലേക്ക് ഇറാന്‍ നടത്തിയ ശക്തമായ ആക്രമണത്തിനു പിന്നാലെ തിരിച്ചടി നല്‍കി ഇസ്രയേല്‍. ഞായറാഴ്ച ഇറാന്റെ ഊര്‍ജ്ജ വ്യവസായത്തെയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെയും ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ ബുഷഹ്ര് പ്രവിശ്യയിലെ പാര്‍സ് റിഫൈനറിയും ഇസ്രയേല്‍ ആക്രമിച്ചു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്.

ടെഹ്‌റാനിലെ നൊബാനിയാദില്‍ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ഇസ്രയേലിന്‍റെ ആക്രമണമുണ്ടായത്. ഇറാനിലെ ‘ഓര്‍ഗനൈസേഷന്‍ ഓഫ് ഡിഫന്‍സീവ് ഇന്നോവേഷന്‍ ആന്‍ഡ് റിസര്‍ച്ച്’ ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചതായും ചില റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. തെക്കന്‍ ബുഷേഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ്, ഫജര്‍ ജാം എണ്ണപ്പാടങ്ങള്‍ക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. വടക്കുപടിഞ്ഞാറന്‍ ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളും ഇസ്രയേല്‍ തകര്‍ത്തു. അതിവേഗം പുരോഗമിക്കുന്ന ടെഹ്റാന്റെ ആണവ പദ്ധതിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ദിവസം മുമ്പ് ഇസ്രായേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്.


കഴിഞ്ഞ ദിവസങ്ങളില്‍ ഇരുന്നൂറോളം ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ നടത്തിയ ശക്തമായ ആക്രമണത്തില്‍ ഇസ്രയേലിൽ സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗലീലി മേഖലയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മധ്യ ഇസ്രായേലില്‍ നടന്ന ഒരു ആക്രമണത്തില്‍ 80 വയസ്സുള്ള ഒരു സ്ത്രീയും 10 വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇറാനിയന്‍ മിസൈലുകള്‍ ഇസ്രായേലി യുദ്ധവിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കുന്ന സ്ഥലങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഇറാന്റെ അര്‍ധസൈനിക വിഭാഗം അവകാശപ്പെട്ടു, എന്നാല്‍, ഇസ്രായേല്‍ ഇത് അംഗീകരിച്ചിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മിസൈലുകളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണം തുടരുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!