KSDLIVENEWS

Real news for everyone

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഒരുകുട്ടിയും

SHARE THIS ON

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. ഒരു കുട്ടിയും പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടം.

കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയോ സാങ്കേതികതകരാറോ ആയിരിക്കാം അപകടകാരണമെന്നാണ് നിലവിലെ നിഗമനം.

ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു.

‘ആര്യന്‍’ എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗര്‍ഹ്വാള്‍ പോലീസ് കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരാണ് അപകടവിവരം പുറത്തറിയിച്ചതെന്നും വിവരമറിഞ്ഞയുടന്‍ ദേശീയ ദുരന്തനിവാരണസേനയടക്കം സ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം പ്രതികരിച്ചു.

ജൂണ്‍ ഏഴാം തീയതിയും കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ടേക്ക് ഓഫിനിടെ സാങ്കേതികപ്രശ്‌നം നേരിട്ട ഹെലികോപ്റ്റര്‍ ഹൈവേയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ അഞ്ച് യാത്രക്കാരും സുരക്ഷിതരായിരുന്നു. പൈലറ്റിന് സാരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

അതിനിടെ, സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടങ്ങളെത്തുടര്‍ന്ന് ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി. സര്‍വീസിന് മുന്‍പ് സാങ്കേതിക പരിശോധനയും കാലാവസ്ഥവിവരങ്ങളും നിര്‍ബന്ധമായി നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ സര്‍വീസുമായി ബന്ധപ്പെട്ട സുരക്ഷ ഉറപ്പുവരുത്താനും പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ തയ്യാറാക്കാനുമായി വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!