KSDLIVENEWS

Real news for everyone

കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന

SHARE THIS ON

വാഷിങ്ടൺ: കോവിഡ് മഹാമാരി ഇപ്പോൾ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കോവിഡിന്റെ ഡെൽറ്റ വകഭേദം ആഗോളതലത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിർഭാഗ്യവശാൽ നമ്മൾ ഇപ്പോൾ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻസിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഡെൽറ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യുഎൻ റിപ്പോർട്ടുകളെ ഉദ്ധരിച്ചകൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതൽ വ്യാപനശേഷിയുള്ള വകേഭദങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്പിലും വടക്കൻ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയർത്തിയത് കാരണം കോവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാൽ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകൾ വീണ്ടും ഉയരുന്നു. ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ നാല് ആഴ്ചകളായി കേസുകൾ വർധിച്ചുകൊണ്ടിരിക്കുന്നു. 10 ആഴ്ചത്തോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്. ഡെൽറ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. കോവിഡിന് പ്രതിരോധ കുത്തുവെപ്പെടുക്കൽ പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സമഗ്രമായ റിസ്ക് മാനേജ്മെന്റ് സമീപനംവേണ്ടതുണ്ടെന്നും ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ ആഗോളതലത്തിൽ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങൾ വൈറസിനെതിരായ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ടു-ട്രാക്ക് മഹാമാരിയുണ്ടാകുന്നു. വാക്സിനുകൾ ലഭ്യമായ രാജ്യങ്ങൾക്കുള്ളതാണ് ഒരു ട്രാക്ക്. അവർ നിയന്ത്രണങ്ങൾ നീക്കുകയും വിപണികൾ തുറന്നിടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രാക്ക് വാക്സിൻ ലഭ്യമല്ലാത്തവർക്കുള്ളതാണ്. ‘വൈറസിന്റെ കാരുണ്യ’ത്തിൽ അവർ അവശേഷിക്കുന്നു’ ടെഡ്രോസ് അഥനോം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!