50 ദിവസത്തിനുള്ളില്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ കടുത്ത തീരുവ ചുമത്തും; പുതിന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: അന്‍പത് ദിവസത്തിനുള്ളില്‍ യുക്രൈനുമായുള്ള വെടിനിര്‍ത്തലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ തയ്യാറാകുന്നില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ കടുത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ നൂറ് ശതമാനമായിരിക്കുമെന്നും തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രൈനെ പിന്തുണയ്ക്കാന്‍ യുഎസിന്റെ വ്യോമപ്രതിരോധസംവിധാനമായ പേട്രിയറ്റ് മിസൈലും മറ്റ് യുദ്ധോപകരണങ്ങളും നാറ്റോയിലേക്ക് യുഎസ് അയയ്ക്കുമെന്നും ട്രംപ് അറിയിച്ചു. താനായിരുന്നു ഒരുപക്ഷെ വ്‌ളാദിമിര്‍ പുതിനെങ്കില്‍ യുക്രൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ ഗൗരവമായി എടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച റഷ്യയുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ യുക്രൈന് ആവശ്യമായ ആയുധം നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തു.നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി ട്രംപ് വാഷിങ്ടണില്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കീവിലേക്കുള്ള ആയുധവിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ നിലപാടില്‍നിന്ന് യുഎസ് പിന്നോട്ടുപോകുകയാണെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം നല്‍കുന്ന സൂചന.
റഷ്യന്‍ പ്രസിഡന്റിന്റെ കാര്യത്തില്‍ തനിക്ക് നിരാശയുണ്ടെന്നും ട്രംപ് പറഞ്ഞു. പുതിനോട് കൂടുതല്‍ ദേഷ്യം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ അത്ഭുതപ്പെടുത്തുന്നയാളാണ് പുതിന്‍. നല്ല രീതിയില്‍ അദ്ദേഹം സംസാരിക്കും. വൈകുന്നേരമാകുമ്പോള്‍ എല്ലാവരേയും ബോംബിട്ട് നശിപ്പിക്കും’, ട്രംപ് പറഞ്ഞു.