ഭൂമിയിലേക്ക് സ്വാഗതം: ഡ്രാഗണ്‍ പേടകത്തില്‍നിന്ന് പുറത്തിറങ്ങി ശുഭാംശു

ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി പതിച്ച ഡ്രാഗണ്‍ പേടകത്തില്‍നിന്ന് പുറത്തിറങ്ങി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല. 18 ദിവസംനീണ്ട ആക്‌സിയം-4 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ശുഭാംഭു ഭൂമിയില്‍ തിരിച്ചെത്തിയത്. ശുഭാംശു പേടകത്തില്‍നിന്ന് പുറത്തിറങ്ങുന്നതിന്റെയും ആഴ്ചകള്‍ക്കുശേഷം ആദ്യമായി ഗുരുത്വാകര്‍ഷണം അനുഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ സഹായിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഇന്ത്യന്‍ സമയം ഏകദേശം 3:01 നാണ് സാന്‍ ഡീഗോയ്ക്ക് സമീപം ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.
സ്ഥലത്ത് തയ്യാറാക്കിനിര്‍ത്തിയിരിക്കുന്ന ബോട്ടുകള്‍ പേടകം വീണ്ടെടുത്തു. ശുഭാംശു അടക്കമുള്ളവര്‍ക്ക് ഇനി ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനുവേണ്ടി ഏഴുദിവസം പുനരധിവാസമുണ്ടാകും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും രാകേഷ് ശര്‍മ്മയുടെ 1984-ലെ ദൗത്യത്തിന് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഇപ്പോള്‍ ശുഭാന്‍ഷു ശുക്ല. ദൗത്യത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ രംഗത്തെ ഒരു വലിയ കുതിച്ചുചാട്ടമായും രാജ്യത്തിന്റെ വരാനിരിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലേക്കുള്ള ഒരു നാഴികക്കല്ലായും കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് നിലയത്തില്‍ തങ്ങുന്ന ഏഴു ശാസ്ത്രജ്ഞരോടും യാത്രപറഞ്ഞ് ശുഭാംശു ഉള്‍പ്പെട്ട നാലംഗ സംഘം ഡ്രാഗണ്‍പേടകത്തില്‍ ഭൂമിയിലേക്ക് യാത്രതിരിച്ചത്. ഉച്ചയ്ക്ക് 2.37-ഓടെ പേടകത്തെ നിലയവുമായി ബന്ധിപ്പിച്ച വാതിലടഞ്ഞു (ഹാച്ചിങ് ക്ലോഷര്‍). 4.45-ന് ഭൂമിയിലേക്കുള്ള 22.5 മണിക്കൂര്‍ നീണ്ട യാത്രതുടങ്ങി. നിലയത്തിലേക്ക് ചരക്കുകളും മറ്റുംകൊണ്ടുപോയ പേടകത്തിന്റെ ട്രങ്ക് ഭാഗം അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കുന്നതിനുമുന്‍പായി ക്രൂ മൊഡ്യൂളില്‍നിന്ന് വേര്‍പെടുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങള്‍. 5.7 കിലോമീറ്റര്‍ ഉയരത്തില്‍വെച്ചും രണ്ട് കിലോമീറ്റര്‍ ഉയരത്തില്‍വെച്ചും രണ്ടുഘട്ടങ്ങളായി പാരഷൂട്ടുകള്‍ വിടര്‍ന്നു. തുടര്‍ന്നാണ് ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചത്.
ആക്‌സിയം-4 ദൗത്യം ജൂണ്‍ 26-നാണ് നിലയത്തിലെത്തിയത്. വിത്തുമുളപ്പിക്കല്‍, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവര്‍ത്തനം, മൈക്രോആല്‍ഗകള്‍ ഗുരുത്വാകര്‍ഷണമില്ലായ്മയോട് എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആര്‍ഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു നിലയത്തില്‍ പൂര്‍ത്തിയാക്കി. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപി സ്വദേശിയായ ശുഭാംശു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ (യുഎസ്), സ്ലാവോസ് ഉസ്നന്‍സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരാണ് ആക്സിയം-4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.