ഇടപെട്ടത് മനുഷ്യൻ എന്ന നിലയിൽ: നിജസ്ഥിതി അവരെ ബോധിപ്പിച്ചു; കൂടുതൽ ചർച്ചകൾക്ക് സമയം വേണം; കാന്തപുരം

കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ടത് മനുഷ്യൻ എന്ന നിലയിലെന്ന് എ.പി. കാന്തപുരം അബൂബക്കർ മുസല്യാർ. യെമനിലെ പണ്ഡിതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തുകയും സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അവരെ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. മനുഷ്യത്വത്തിന് പ്രാധാന്യം കൽപിക്കുന്ന മതമാണ് ഇസ്‌ലാം.
അതുകൊണ്ട് ജാതിയോ മതമോ വേർതിരിവില്ലാതെ മനുഷ്യൻ എന്ന നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടത്. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഇടപെട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണമെന്ന് യെമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടുത്തെ പണ്ഡിതർ കൂടിയാലോചിക്കുകയും വേണ്ടത് ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവ് ഇന്ന് ഔദ്യോഗികമായി ലഭിച്ചു. കഴിഞ്ഞദിവസം നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നൽകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സമയം വേണമെന്നതിനാൽ വധശിക്ഷ നീട്ടിവച്ചെന്ന ഉത്തരവാണ് ലഭിച്ചത്. ഇനി നിമിഷപ്രിയയ്ക്കായി എല്ലാവരും പ്രാർഥിക്കണമെന്നും കാന്തപുരം പറഞ്ഞു.