സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
140 കോടി ജനങ്ങൾ അഭിമാനത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. കഴിഞ്ഞ 75 വർഷമായി ഭരണഘടന രാജ്യത്തെ മുന്നോട്ടു നയിക്കുന്നു. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂറിൽ വീര സൈനികർക്ക് മോദി ആദരം അര്‍പ്പിച്ചു. നമ്മുടെ സൈനികർ തീവ്രവാദികൾക്ക് നല്ല മറുപടി നൽകി. അവരെ പിന്തുണക്കുന്നവർക്കും തക്ക ശിക്ഷ കൊടുത്തു. മതം ചോദിച്ച് തീവ്രവാദികൾ നിഷ്ക്കളങ്കരായ സഞ്ചാരികളെ വകവരുത്തുകയായിരുന്നു. സൈന്യത്തിന് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകി. പാക് തീവ്രവാദ കേന്ദ്രങ്ങൾ നമ്മുടെ സൈന്യം തകർത്തു. അണുവായുധ ഭീഷണി മുഴക്കി ഇന്ത്യയെ വിരട്ടേണ്ട. ആ ബ്ലാക്ക് മെയിലിംഗ് നടപ്പാവില്ല. സിന്ധു നദീ ജല കരാറിൽ പുനരാലോചനയില്ല. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല. ഇന്ത്യയിലെ ജലത്തിന്‍റെ അധികാരം ഇവിടുത്തെ കർഷകർക്കാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
‘പുതിയ ഭാരതം’ എന്നതാണ് ഇക്കൊല്ലത്തെ ആഘോഷങ്ങളുടെ പ്രമേയം. ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള അയ്യായിരത്തോളം പ്രത്യേക അതിഥികളാണെത്തിയത്. ഓപറേഷൻ സിന്ദൂരന്റെ വിജയ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്ത സേനകളുടെ ആഭിമുഖ്യത്തിൽ ബാന്റുകൾ നടക്കും.
7.30 ഓടെയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തിയത്. ഓപറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്ന് പുഷ്പ വൃഷ്ടി നടത്തി. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.