KSDLIVENEWS

Real news for everyone

കുവൈത്തിലെ വ്യാജമദ്യദുരന്തം, മരണം 23; ചികിത്സയിലുള്ളവരിലേറെയും മലയാളികൾ

SHARE THIS ON

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യദുരന്തത്തിൽ മരണം 23 ആയി. നിലവിൽ 160 പേർ ആശുപത്രിയിലാണെന്നാണ് വിവരം. ഇവരിലേറെയും മലയാളികളാണ്. കുവൈത്ത് ആരോഗ്യമന്ത്രാലയമാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. കണ്ണൂർ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ചികിത്സയിലുള്ള ചിലര്‍ ഗുരുതരാവസ്ഥയിലാണ് എന്നും മറ്റ് ചിലര്‍ അപകടനില തരണം ചെയ്തതായും എംബസി അറിയിച്ചു. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് എംബസി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് വിവരങ്ങളറിയാന്‍ +965 6550158 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വാട്സ്സാപ്പിലോ നേരിട്ടോ ബന്ധപ്പെടാം.

പ്രാദേശികമായി നിര്‍മിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായത്. ഒരേ സ്ഥലത്ത് നിന്നും മദ്യം വാങ്ങി വിവിധ സ്ഥലങ്ങളില്‍വെച്ച് കഴിച്ചവരാണ് അപകടത്തില്‍പെട്ടത്. വിവിധ രാജ്യക്കാരായ 63 പേര്‍ക്കാണ് അദാന്‍, ഫര്‍വാനിയ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ നല്‍കിയതെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം.

31 പേര്‍ വെന്റിലേറ്ററിലാണ്. 51 പേര്‍ക്ക് അടിയന്തര ഡയാലിസിസ് പൂര്‍ത്തിയാക്കി. ഇതില്‍ 21 പേര്‍ക്ക് സ്ഥിരമായും ഭാഗികമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ച ഇന്ത്യക്കാരിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാവര്‍ക്കും മികച്ച പരിചരണം നല്‍കിവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.

അപകടത്തില്‍ പെട്ടവര്‍ അല്‍ ഷുയൂഖ ബ്ലോക്ക് നാലില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്. വിഷമദ്യവില്‍പ്പന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മദ്യം കഴിച്ച് അവശനിലയിലായ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതരുടെ നിര്‍ദേശമുണ്ട്. കുവൈത്തില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനെതിരെ കര്‍ശന നടപടികളും പരിശോധനകളും തുടരുന്നതിനിടെയാണ് വിഷമദ്യദുരന്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!