ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടേണ്ട: സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ല; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. തുടർച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യദിന പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. 103 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം പ്രധാനമന്ത്രി ഇതുവരെ സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ്.
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മനിർഭർ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവർത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ ‘തീരുവ ഭീഷണി’യെ പരോക്ഷമായും വിമർശിച്ചു. സാങ്കേതിക വിദ്യയിൽ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ വിപണിയിൽ നിറയുമെന്നും പറഞ്ഞു. ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനർനിർമിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്ഥ വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ലോക വിപണിയെ ഭരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.