KSDLIVENEWS

Real news for everyone

യുക്രൈന് വേണ്ടിയല്ല ചർച്ച: പക്ഷേ യുദ്ധംനിർത്താൻ പുതിൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം കഠിനമാകും

SHARE THIS ON

വാഷിങ്ടണ്‍: യുക്രൈന് വേണ്ടി വിലപേശാനല്ല റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി താന്‍ ചര്‍ച്ചയ്ക്ക് പോകുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കായി അലാസ്‌കയിലേക്ക് പോകുന്നതിന് വിമാനത്തില്‍ കയറിപ്പോഴാണ് ട്രംപ് ഇത്തരത്തില്‍ പ്രതികരിച്ചത്. ‘യുക്രൈന് വേണ്ടി വിലപേശാനല്ല പോകുന്നത്, ഇവിടെ രണ്ട് പക്ഷങ്ങളുണ്ട്. അവരെ ചര്‍ച്ചാ മേശയിലെത്തിക്കാനാണ് ഞാന്‍ വരുന്നത്’ ട്രംപ് പറഞ്ഞു.

താന്‍ യുഎസ് പ്രസിഡന്റല്ലായിരുന്നെങ്കില്‍ പുതിന്‍ യുക്രൈന്‍ മുഴുവന്‍ പിടിച്ചടക്കുമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘നോക്കൂ, പുതിന്‍ യുക്രൈന്‍ മുഴുവനായി പിടിച്ചടക്കാന്‍ ആഗ്രഹിച്ചു, ഞാന്‍ പ്രസിഡന്റ് അല്ലായിരുന്നെങ്കില്‍, അദ്ദേഹം ഇപ്പോള്‍ യുക്രൈന്‍ മുഴുവനായി പിടിച്ചടക്കുമായിരുന്നു, എന്നാല്‍ അദ്ദേഹം അത് ചെയ്യില്ല’ ട്രംപ് പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ചാല്‍ പുതിന് വളരെ കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് താങ്കള്‍ മുമ്പ് പറഞ്ഞിരുന്നുവെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ട്രംപിനെ ഓര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു,’അതെ. അത് വളരെ കഠിനമായിരിക്കും,സാമ്പത്തികമായി കഠിനമായിരിക്കും’.

ഞാനിത് എന്റെ സ്വന്തം നേട്ടത്തിനു വേണ്ടിയല്ല ചെയ്യുന്നത്. എനിക്ക് ഇതിന്റെ ആവശ്യമില്ല. എനിക്ക് നമ്മുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യം. പക്ഷേ, ഒരുപാട് ജീവനുകള്‍ രക്ഷിക്കാനാണ് ഞാനിത് ചെയ്യുന്നത്’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

അലാസ്‌കന്‍ നഗരമായ ആങ്കറേജിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന യുഎസിന്റെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) സേനാതാവളമാണ് ചരിത്രപരമായ ട്രംപ്-പുതിന്‍ ഉച്ചകോടിയുടെ വേദി. റഷ്യയില്‍നിന്ന് 1867-ല്‍ യുഎസ് വാങ്ങിയപ്രദേശമാണ് അലാസ്‌ക. യുഎസിന്റെ ആര്‍ട്ടിക് കേന്ദ്രീകരിച്ചുള്ള ദൗത്യങ്ങള്‍ നടത്തുന്നത് ഈ താവളം കേന്ദ്രീകരിച്ചാണ്.

റഷ്യന്‍സംഘത്തെ സേനാ താവളത്തില്‍ സ്വീകരിക്കുന്നതിനെ തുടക്കത്തില്‍ യുഎസ് എതിര്‍ത്തിരുന്നെങ്കിലും അതിസുരക്ഷാ മാനദണ്ഡങ്ങളെല്ലാം ജെബിഇആറില്‍ പാലിക്കപ്പെടുമെന്നുള്ളതിനാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. നേരത്തേ ജുനാവു, ഫെയര്‍ബാങ്ക്‌സ്, ആങ്കറേഡ് നഗരങ്ങളാണ് വേദിക്കായി പരിഗണിച്ചിരുന്നത്. ചില അലാസ്‌കക്കാര്‍ തങ്ങളുടെ സ്വകാര്യ വസതികള്‍പോലും കൂടിക്കാഴ്ചയ്ക്ക് വിട്ടുനല്‍കാന്‍ സന്നദ്ധരായിരുന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ പുതിന്‍ അന്താരാഷ്ട്ര കോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാല്‍ മൂന്നാമതൊരു രാജ്യം ചര്‍ച്ചയ്ക്ക് വേദിയാക്കുകയും അത്ര എളുപ്പമായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!