ഗസ്സയിൽ ഇസ്രായേൽ ആക്രമണം: 31 പേർ കൂടി കൊല്ലപ്പെട്ടു

ഗസ്സസിറ്റി: ഗസ്സയില്‍ ഇസ്രായേൽ നടത്തിയ ആക്രമണത്തില്‍ 31 പേര്‍ കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ ഭക്ഷണം തേടിയിറങ്ങിയവരാണ്.
വെള്ളിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ വടക്കൻ ഗസ്സയിൽ ആറ് പേർ കൊല്ലപ്പെട്ടപ്പോൾ മധ്യ, തെക്കൻ ഗസ്സയില്‍ ഏഴ് പേർ കൊല്ലപ്പെട്ടതായി അൽ-ഷിഫ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണംകാത്തിരിക്കുന്നതെന്ന് യുഎൻ മുന്നറിയിപ്പ്. കൂടുതൽ സഹായ ട്രക്കുകളും വിതരണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയതോടെ കൂടുതൽ പട്ടിണി മരണങ്ങൾ ഉറപ്പാണെന്നും അവർ വ്യക്തമാക്കുന്നു.
ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലെ തങ്ങളുടെ ഗോഡൗണുകളിൽ ഭക്ഷണം ഉൾപ്പെടെ 6,000 ട്രക്ക് സഹായ വസ്തുക്കൾ ലഭ്യമാണെന്ന് യു.എൻ ഏജൻസിയായ ‘യുനർവ’ അറിയിച്ചു. അതേസമയം ഇസ്രായേൽ കൊടുംപട്ടിണിയിലാക്കിയ ഗസ്സയിൽ മൂന്ന് കുട്ടികളടക്കം എട്ടു മരണം കൂടി വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പട്ടിണി മരണം 106 കുരുന്നുകളടക്കം 235 ആയി.
അതിനിടെ, ഈജിപ്ത്, ജോർഡൻ, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്ന വിശാല ഇസ്രായേലാണ് തന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഗസ്സക്ക് പുറമെ വെസ്റ്റ് ബാങ്കിലും ദക്ഷിണ സിറിയ, ദക്ഷിണ ലബനാൻ എന്നിവിടങ്ങളിലും അധിനിവേശം തുടരുന്നതിനിടെയാണ് പുതിയ പ്രസ്താവന.