കൊട്ടിയത്തെ പെൺകുട്ടി റംസി ആത്മഹത്യ ചെയ്ത സംഭവം; സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഉന്നതരുടെ ഇടപെടല്‍ ആക്ഷേപം ; കേസ് ക്രൈബ്രാഞ്ചിന് വിടണമെന്ന് കുടുംബം

കൊല്ലം: 10 കൊല്ലത്തെ പ്രണയത്തിനുശേഷം പ്രതിശ്രുതവരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിന്റെ പേരില്‍ കൊല്ലം കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതി ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. റംസിയുമായി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ ഒന്നിച്ചുചെയ്ത ടിക് ടോക് വിഡിയോകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.
ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്നും നടിയെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടിയും കേസില്‍ ആരോപണ വിധേയരായവരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ആഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സീരിയലിനായി പോകുമ്പോള്‍ ലക്ഷ്മി റംസിയേയും കൊണ്ടാണ് പോകാറുള്ളതെന്ന് വീട്ടുകാര്‍ പറയുന്നു. കുഞ്ഞിനെ നോക്കാനാണെന്ന് പറഞ്ഞാണ് കൊണ്ടുപോകാറുള്ളത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഹാരിസിനൊപ്പമാണ് വീട്ടിലെത്തിക്കാറുള്ളതെന്നും ബന്ധുക്കള്‍ പറയുന്നു.
റംസി മൂന്നു മാസം ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നടി കൊല്ലം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്.

