കടല്‍ ജീവിതം കാണാന്‍ തീം പാര്‍ക്ക്; ‘സീവേള്‍ഡ് പാര്‍ക്ക് അബൂദബി’ അടുത്ത വര്‍ഷം തുറന്നു കൊടുക്കും

അബൂദബിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കടല്‍ജീവി തീം പാര്‍ക്ക് അടുത്തവര്‍ഷം സന്ദര്‍ശര്‍ക്ക് തുറന്നു കൊടുക്കും. സീ വേള്‍ഡ് അബൂദബി എന്ന് പേരിട്ട പദ്ധതിയുടെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായതായി നിര്‍മാതാക്കളായ മിറാല്‍ അറിയിച്ചു.
അബൂദബി യാസ് ഐലന്റിലാണ് സീവേള്‍ഡ് അബൂദബി എന്ന മറൈന്‍ലൈഫ് തീം പാര്‍ക്ക് നിര്‍മിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ യാസ് ദ്വീപിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. യു എ ഇയിലെ ആദ്യത്തെ സമ്ബൂര്‍ണ സമുദ്ര ഗവേഷണ, സമുദ്രജീവി പുനരധിവാസ കേന്ദ്രവും ഇതിന്റെ ഭാഗമാണ്.
തീം പാര്‍ക്കിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഗവേഷണ കേന്ദ്രം ഈവര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ സമുദ്ര ശാസ്ത്രജ്ഞര്‍, മൃഗഡോക്ടര്‍മാര്‍ എന്നിവരാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. സമുദ്രജീവികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയുമായി ഈ കേന്ദ്രം കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. വെല്ലുവിളി നേരിടുന്ന ജീവികളെ രക്ഷപ്പെടുത്താന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സംവിധാനവും ഇതിന്റെ ഭാഗമാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ മറൈന്‍ തീം പാര്‍ക്കായ സീവേള്‍ഡ് അബൂദബിയില്‍ സമുദ്രത്തിലെ ആറുതരം പരിസ്ഥിതികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമുണ്ടാകും.

