കോളടിച്ച് പ്രവാസികള്‍, ദുബായില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍ യാത്ര, 200 കിലോ ലഗേജ്, ടിക്കറ്റ് നിരക്കോ തുച്ഛം..!!

ദുബായ്: സീസണിന് അനുസരിച്ച് വിമാനക്കമ്ബനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കുമ്ബോള്‍ പ്രതിസന്ധിയിലാകുന്നത് പ്രവാസികളാണ്. അന്യനാട്ടില്‍ എല്ലുമുറിയെ പണിയെടുത്ത സമ്ബാദ്യത്തില്‍ വലിയൊരു വിഹിതം വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നതിനാല്‍ പല പ്രവാസികളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നതും ഒഴിവാക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. എന്നാല്‍ ഇതിനൊരു പരിഹാരത്തിനുള്ള വഴി തെളിയാന്‍ പോകുകയാണ്. കപ്പല്‍ മാര്‍ഗം ദുബായിലെ പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്താനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഈ വര്‍ഷം ഡിസംബറില്‍ തന്നെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാകും. പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസകരമായിരിക്കും ഇത് എന്ന് പറയേണ്ടതില്ലല്ലോ. കാരണം വിമാന ടിക്കറ്റിനേക്കാള്‍ എത്രയോ കുറവാണ് കപ്പല്‍ ടിക്കറ്റ് എന്നത് തന്നെ. വിമാനത്തില്‍ കൊണ്ട് പോകാന്‍ സാധിക്കുന്നതിനേക്കാള്‍ വലിയ ലഗേജ് കൊണ്ടുപോകാം എന്നതാണ് മറ്റൊരു ആകര്‍ഷണം. അതിനൊപ്പം വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, കടലിലൂടെയുള്ള മൂന്ന് ദിവസത്തെ യാത്ര എന്നിവയും ഇത് വഴി സാധ്യമാകും. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രക്ക് കേവലം പതിനായിരം രൂപയെ ചെലവാകൂ എന്നതാണ് പ്രധാന ആകര്‍ഷണം. കാര്‍ഗോ കമ്ബനികളുമായി ചേര്‍ന്നാണ് സര്‍വീസ് ഏര്‍പ്പെടുത്തുക എന്നതിനാലാണ് ടിക്കറ്റ് 10000 രൂപയ്ക്ക് നല്‍കാന്‍ സാധിക്കുന്നത് എന്നാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീം പറയുന്നത്. ഒരു ട്രിപ്പില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകും. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് സര്‍വീസിന് ഉപയോഗിക്കാനായി കണ്ടുവെച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ മറ്റൊരു സംസ്ഥാനത്തിന് വേണ്ടി കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പലാണ് ഇത്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് റഹീം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബേപ്പൂര്‍-കൊച്ചി തുറമുഖങ്ങള്‍ മുതല്‍ ദുബായിലെ മിന അല്‍ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചര്‍ ക്രൂയിസ് കപ്പല്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള നിവേദനം മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സിഇ ചാക്കുണ്ണി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുഖേന കേന്ദ്രസര്‍ക്കാരിനും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ അനുകൂല പ്രതികരണമുണ്ടായാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസകരമാകും. പ്രവാസികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കുന്നതിനായി ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. By Jithin TP Oneindia source: oneindia.com

