KSDLIVENEWS

Real news for everyone

ലിബിയയിലെ കാഴ്ചകൾ ഹൃദയഭേദകം; കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ 2000 ലധികം മൃതദേഹങ്ങൾ കടലിലേക്ക് പതിച്ചതായി പ്രവർത്തകർ

SHARE THIS ON


ദുബായ്∙ കരളലിയിക്കുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച് ലിബിയയിലെ റെഡ്ക്രസന്റ് പ്രവർത്തകർ. മൃതദേഹങ്ങളുടെ കൂനയിലൂടെയാണ് സന്നദ്ധ പ്രവർത്തകരുടെ രക്ഷാപ്രവർത്തനം. എത്ര പേർ മരിച്ചെന്നു ഇതുവരെ തിട്ടപ്പെടുത്താനാകാത്തതാണ് പ്രളയക്കെടുതി . അധിനിവേശ ശക്തികളുടെ താണ്ഡവശേഷം കൂടുതൽ  ദുർബലവും ദരിദ്രവുമായ ലിബിയ പ്രളയത്തിന്റെ രൂക്ഷതതിലാണ്. 11,000 പേർ മരിക്കുകയും 20000 ആളുകളെയെങ്കിലും കാണാതായിട്ടുണ്ടെന്നുമാണ് പുതിയ കണക്ക്. സന്നദ്ധ പ്രവർത്തകരുടെ തിരച്ചിൽ ത്വരിതപ്പെടുത്തുന്നതിന് അനുസരിച്ച്   കൂടുന്നത് മരിച്ചവരുടെ എണ്ണമാണ് പുറത്ത് വരുന്നത്. തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ ഏകദേശം എത്ര പേർ താമസിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ്  മരിച്ചവരുടെ കണക്കെടുപ്പ്. ദർനാ പ്രവിശ്യയിൽ മാത്രം 20,000 പേർ മരിച്ചിട്ടുണ്ടാകുമെന്നു നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ വെളിവാക്കുന്നുണ്ട്. അടിയന്തര സഹായം പ്രഖ്യാപിച്ച യുഎൻ ലിബിയയിൽ പകർച്ചവ്യാധിയുടെ വ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രളയാനന്തരം കുടിവെള്ള ദൗർലഭ്യവും രൂക്ഷമാണ്.

എങ്ങും മലിനജലം തളം കെട്ടി നിൽക്കുന്നതിനിടയിൽ രക്ഷാപ്രവർത്തനവും ദുസ്സഹവും ദുർഘടവുമായി. കിണറുകൾ ഉപയോഗശൂന്യമാകുകയും  ശുദ്ധജല സംഭരണികൾ തകരുകയും ചെയ്തു. പ്രളയത്തിൽ പല പ്രദേശങ്ങളും പൂർണമായും ഇല്ലാതായെന്നാണ് റിപ്പോർട്ട്. ഭവനരഹിതരായവരുടെ എണ്ണവും. വരും ദിനങ്ങളിൽ കൂടും.  കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ 2000 ലധികം  മൃതദേഹങ്ങൾ കടലിലേക്ക് പതിച്ചതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ച ദർനാ മേഖലയിൽ ശേഷിക്കുന്നവരെയും മാധ്യമ പ്രവർത്തകരെയും ഒഴിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 

കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കാത്ത വിധം മനുഷ്യർ  മരണത്തിനു കീഴടങ്ങി. മരണം വിധിക്കപ്പെട്ട  ഇടങ്ങളിലേക്ക് മനുഷ്യർ ഓടിയെത്തുമെന്ന പോലെയാണ് അബൂ ഉംറ എന്ന പലസ്തീൻ  പൗരന്റെ കുടുംബത്തിന്റെ പരിണിതി. 1967ൽ യുദ്ധം തുടങ്ങിയതു മൂലം ലിബിയയിലേക്ക് കുടിയേറിയ ഇദ്ദേഹത്തിന്റെ  കുടുംബത്തിലെ 12 പേരും   പ്രളയത്തിൽ ഇല്ലാതായി. അരലക്ഷം പലസ്തീനികൾ ലിബിയയിലുണ്ട്.ഇവരിൽ മൂന്നിൽ ഒരു വിഭാഗവും താമസിക്കുന്നത് പ്രളയം നാശം വിതച്ച നഗരങ്ങളിലാണ്. രണ്ട് അണക്കെട്ടുകൾ പൊട്ടിയത് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് അൽ ദബീബ പറഞ്ഞു. അറ്റകുറ്റപ്പണികൾ സംബന്ധിച്ച് രാഷ്ട്രീയ വിവാദമുണ്ടാക്കിയ അണക്കെട്ടുകകൾ  തകർന്നപ്പോൾ  ജനവാസ കേന്ദ്രങ്ങൾ വെള്ളത്തിൽ മുങ്ങുകയായിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!