അൻവറിനോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല: അഡ്വ. ജയശങ്കര്‍

കൊച്ചി: തന്റെ തലയില്‍ കക്കൂസ് മാലിന്യം ഒഴിക്കുമെന്ന പി.വി.അൻവർ എം.എല്‍.എയുടെ ഭീഷണിയില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് സാമൂഹിക നിരീക്ഷകൻ അഡ്വ.എ.ജയശങ്കർ.
താൻ വർഗീയവാദിയും മതരാഷ്ട്രവാദിയുമാണെന്ന ജയശങ്കറിന്റെ ആരോപണംമൂലം ഒരുദിവസം തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്നും മാപ്പുപറഞ്ഞില്ലെങ്കില്‍ ഒരുബക്കറ്റ് കക്കൂസ് മാലിന്യവുമായി ജയശങ്കറിന്റെ ഓഫീസിലെത്തുമെന്നാണ് അൻവർ കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
വർഗീയ ശക്തികളില്‍നിന്ന് പണം വാങ്ങിയാണ് തന്നെപ്പോലുള്ളവരെ ജയശങ്കർ ആക്ഷേപിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ പൊലീസ് സംവിധാനത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടമുഖത്താണ് താനെന്നും റിമാൻഡില്‍ പോകാൻ സമയമില്ലാത്തതുകൊണ്ടാണ് തത്കാലം ക്ഷമിക്കുന്നതെന്നും അൻവർ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസ്:
വാദം പൂർത്തിയായി
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിന്റെ വാദം പൂർത്തിയായി. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതുകൂടി കേട്ടശേഷം നവംബറില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് വിധി പറഞ്ഞേക്കും. പ്രതിഭാഗത്തിന് ഈ മാസം 26 മുതല്‍ അവസരം നല്‍കും.
അവസാനസാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ വിസ്താരം ഇന്നലെ പൂർത്തിയാക്കി. കേസില്‍ 261 സാക്ഷികളെയാണ് ആകെ വിസ്തരിച്ചത്. 2017 നവംബറില്‍ കുറ്റപത്രം സമർപ്പിച്ച കേസില്‍ 2020 ജനുവരി 30ന് വിചാരണ ആരംഭിച്ചു. നീണ്ട നാലരവർഷത്തെ സാക്ഷിവിസ്താരമാണ് പൂർത്തീകരിച്ചത്.
മത്സ്യത്തൊഴിലാളികള്‍ക്ക്
7.5 കോടി അനുവദിച്ചു
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്കുള്ള സാമ്ബത്തിക താങ്ങല്‍ പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 7.5 കോടി അനുവദിച്ചെന്ന് മന്ത്രി സജി ചെറിയാൻ. തൊഴില്‍വകുപ്പ് ആവിഷ്കരിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനെ സഹായധനം വിതരണം ചെയ്യുക. സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും ഉത്സവകാലത്ത് മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിക്കുകയാണ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.
ഇന്ന് വടക്കൻ ജില്ലകളില്‍ നേരിയ മഴ
തിരുവനന്തപുരം: തിരുവോണ ദിനമായി ഇന്ന് വടക്കൻ ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കും.അതിരാവിലെയാണ് മഴ സാദ്ധ്യത. പകല്‍ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദപാത്തി ദുർബലമായതാണ് മഴ കുറയാൻ കാരണം. മത്സ്യബന്ധനത്തിന് തടസമില്ല.

