കെജ്രിവാളിന്റെ രാജി പ്രഖ്യാപനം; ഡല്‍ഹിയില്‍ ഇനിയെന്ത്..? വനിതാ മുഖ്യമന്ത്രിയോ?

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് ജയില്‍ മോചിതനായതിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി വിധിയെത്തുടര്‍ന്നാണ് താന്‍ ജയില്‍ മോചിതനായതെന്നും ഇനി ജനവിധി അറിഞ്ഞിട്ടേ ഈ കസേരയിലിരിക്കൂ എന്നാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തി വിശദീകരിക്കുന്നത്.
കെജ്രിവാളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹിയില്‍ ഇനി രാഷ്ട്രീയമായി എന്ത് സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അത് നേരത്തെ ആക്കണമെന്നാണ് എഎപിയുടെ ആവശ്യം. നവംബറില്‍ നടക്കുന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹിയേയും പരിഗണിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനോട് എഎപി ആവശ്യപ്പെടുന്നത്. രണ്ട് ദിവസത്തിനകം കെജ്രിവാള് രാജിവെച്ചാല്‍ നവംബര്‍ വരെയോ അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെയോ പുതിയ മുഖ്യമന്ത്രിയെ എഎപിക്ക് കണ്ടെത്തേണ്ടി വരും.അതാരാകുമെന്നതാണ് ആകാംക്ഷ.
കെജ്രിവാള് കഴിഞ്ഞാല്‍ നിലവില്‍ പാര്‍ട്ടിയില്‍ രണ്ടാമന് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ്. എന്നാല്‍ ജനകീയ വിധി വന്ന ശേഷമേ താനും സ്ഥാനം ഏറ്റെടുക്കൂവെന്ന് മനീഷ് സോസിദിയയും വ്യക്തമാക്കിയിട്ടുണ്ട്. കെജ്രിവാള് തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ഇവര്‍ക്ക് ശേഷം പിന്നീട് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് നിലവില്‍ മന്ത്രിയായിട്ടുള്ള അതിഷിയാണ്. കെജ്രിവാളടക്കമുള്ള എഎപിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ജയിലിലായിരുന്ന ഘട്ടത്തില്‍ അതിഷിയായിരുന്നു പാര്‍ട്ടിയുടെ മുഖമായി പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ അവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.
ഏതായിരുന്നാലും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എഎപി എംഎല്‍എമാരുടെ യോഗം വിളിച്ച് രാജി പ്രഖ്യാപനം നടത്തുമെന്നും ആ യോഗത്തില്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും കെജ്രിവാള് വ്യക്തമാക്കിയിട്ടുണ്ട്.
രാജിക്ക് പിന്നില്‍
മദ്യനിരോധന അഴിമതിക്കേസില്‍ നേതാക്കളെല്ലാം ജയിലിലായത് എഎപിയെ കനത്ത പ്രതിരോധത്തിലാക്കിയിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ ഉത്ഭവമെടുത്ത പാര്‍ട്ടിയുടെ നേതൃത്വം ഒന്നടങ്കം കുറ്റാരോപിതരായി നില്‍ക്കുന്നത് എഎപിയുടെ ഭാവിയെ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത്തരമൊരു രാഷ്ട്രീയ പ്രചാരണത്തിനാണ് ബിജെപി കോപ്പ് കൂട്ടുന്നത് മനസ്സിലാക്കിയാണ് കെജ്രിവാളിന്റെ പുതിയ നീക്കം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളുമായി ബന്ധപ്പെടാന്‍ എഎപി വിപുലമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കെജ്രിവാളിനെ കൂടാതെ, മദ്യനയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഈ പ്രചാരണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്.
മദ്യനയക്കേസില്‍ കെജ്രിവാള് ഉള്‍പ്പെടെ ജയിലിലായ പ്രമുഖരെല്ലാം പുറത്തിറങ്ങിയത് ആപ്പിന് വലിയ ആശ്വാസമായിട്ടുണ്ടെങ്കിലും നേതാക്കളുടെ നിരപരധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുകയാകും പാര്‍ട്ടിക്ക് മുന്നിലുള്ള ദൗത്യം.
ജയിലിലായിരുന്നപ്പോഴും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തയ്യാറാകാതിരുന്ന കെജ്രിവാള് തനിക്ക് അധികാര മോഹമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് ധാര്‍മിക നിലപാട് ചൂണ്ടിക്കാട്ടി ഇപ്പോള്‍ രാജി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പില്‍ അത് നേട്ടമുണ്ടാക്കുമെന്നാണ് എഎപി പ്രതീക്ഷിക്കുന്നത്.
നീക്കം തിരിച്ചടിയാകുമോ
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കെജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം ഇരുതല മൂര്‍ച്ചയുള്ളതാണ് വാളാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിനൊപ്പം തിരിച്ചടി ലഭിക്കാനുള്ള സാഹചര്യങ്ങളും ഇതിലുണ്ട്. ജനങ്ങള്‍ തനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് ശേഷം മാത്രമേ താന്‍ ഓഫീസില്‍ തിരിച്ചെത്തുകയുള്ളൂവെന്ന് സിസോദിയയും വ്യക്തമാക്കിയതായി കെജ്രിവാള് സൂചിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം രണ്ട് മുന്‍നിര എഎപി നേതാക്കള്‍ തിരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രി പദത്തിലേക്കില്ലെന്നും പാര്‍ട്ടിയുടെ മറ്റ് പ്രമുഖ പ്രഖുങ്ങളില്നിന്നൊരാളെ കണ്ടത്തേണ്ടി വരുമെന്നുമാണ്. ഇത്തരത്തില്‍ താത്കാലികമായി മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുകയും പിന്നീട് അത് അധികാര തര്‍ക്കങ്ങളിലേക്കും വഴിവെച്ചിട്ടുണ്ട്. അതിന് ഉദാഹരമാണ് ഝാര്‍ഖണ്ഡില്‍ അടുത്തിടെ സംഭവിച്ചത്. ജെഎംഎം നേതാവ് ഹേമന്ത് സോറന് ജയിലില്‍ പോയതോടെ മുഖ്യമന്ത്രി സ്ഥാനം നല്കിയ ചംപായ് സോറൻ ഇപ്പോള്‍ ബിജെപിയിലാണുള്ളത്. നേരത്തെ ബിഹാറില്‍ ജിതന്‍ റാം മാഞ്ചിയും നിതീഷ് കുമാറും തമ്മിലുള്ള തര്‍ക്കവും സമാനമായിരുന്നു.
കെജ്രിവാള് പറഞ്ഞത്
രണ്ട് ദിവസത്തിന് ശേഷം ഞാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. ജനവിധി പ്രഖ്യാപിക്കുന്നത് വരെ ഞാന്‍ ആ കസേരയില്‍ ഇരിക്കില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണുള്ളത്. നിയമ കോടതിയില്‍ നിന്ന് എനിക്ക് നീതി കിട്ടി, ഇനി ജനകീയ കോടതിയില്‍ നിന്ന് നീതി ലഭിക്കും. ജനങ്ങളുടെ ഉത്തരവിന് ശേഷം മാത്രമേ ഞാന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയുള്ളൂ, എനിക്ക് ഡല്‍ഹിയിലെ ജനങ്ങളോട് പറയാനുള്ളത്, കെജ്രിവാള് നിരപരാധിയാണോ അതോ കുറ്റക്കാരനാണോ? ഞാന്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് വോട്ട് ചെയ്യൂ.
അവര്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിവരികയാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരോട് എനിക്ക് പറയാനുള്ളത്. അറസ്റ്റ് ചെയ്താല്‍, രാജിവയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു, സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കണം.
ജനാധിപത്യത്തിന് വേണ്ടി പോരാടാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഞാന്‍ നേരത്തെ രാജിവെക്കാതിരുന്നത്.

