മാഹിയിൽ ഫുൾ ടാങ്ക് അടിച്ചാൽ ലോറികൾക്ക് ലാഭം 4500ഓളം രൂപ: ഡ്രൈവറിനും കിട്ടും പണം; ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പമ്പുകൾ

കണ്ണൂർ: യാത്രക്കാരെ വിളിച്ചു കയറ്റാൻ ഹോട്ടലുകൾക്ക് മുന്നിൽ ബോർഡുമായി ആളുകൾ നിൽക്കുന്നത് സർവസാധാരണമാണ്. എന്നാൽ പെട്രോൾ പമ്പിലേക്ക് വണ്ടിക്കാരെ വിളിച്ചു കയറ്റാൻ 24 മണിക്കൂറും ബോർഡും പിടിച്ചു നിൽക്കുന്ന ആളുകളെ കാണാൻ സാധിക്കുന്ന സ്ഥലമാണ് മാഹി. മാഹിയിലൂടെ കടന്നുപോകുന്ന യാത്രക്കാരും ലോറിക്കാരും ഫുൾ ടാങ്ക് ഇന്ധനം നിറച്ചെ പോകാറുള്ളു. അതുകൊണ്ട് വാഹനങ്ങളെ വിളിച്ചു കയറ്റാൻ പൊരിവെയിലത്തും പാതിരാത്രിയിലും ജീവനക്കാർ ബോർഡും പിടിച്ചു നിൽക്കുകയാണ്.
കേരളത്തിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് 12 രൂപ വരെയാണ് മാഹിയിൽ ഇന്ധനത്തിന് ലീറ്ററിന് വിലക്കുറവ്. ലോറിയിൽ ഫുൾ ടാങ്ക് ഇന്ധനമടിച്ചാൽ നാലായിരത്തി അഞ്ഞൂറോളം രൂപയാണ് കുറവുണ്ടാകുക. അതിനാൽ ഈ വഴി കടന്നുപോകുന്നവർ ഫുൾ ടാങ്ക് അടിക്കാതെ പോകില്ല. അതുകൊണ്ട് തന്നെ പെട്രോൾ പമ്പുകാർക്കും വൻ കച്ചവടമാണ് ഇവിടെ. വണ്ടിക്കാരെ വിളിച്ചു കയറ്റാൻ മിക്ക പമ്പുകാരും ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. രാത്രിയും പകലുമായി മൂന്നു ഷിഫ്റ്റിലും ജോലിക്കാരുണ്ടാകും. പമ്പിൽ ഇന്ധനം നിറയ്ക്കാൻ നിൽക്കുന്നവരേക്കാൾ കൂലി വിളിച്ചു കയറ്റാൻ നിൽക്കുന്നവർക്കുണ്ട്. ഫുൾ ടാങ്കടിച്ചാൽ ഡ്രൈവർമാർക്കും കിട്ടും 50 രൂപ.
പൊടിപൊടിക്കുന്നതോടെ തലശ്ശേരി – മാഹി ആറുവരി ബൈപാസിൽ ഒരു കിലോമീറ്ററിനുള്ളിൽ വരുന്നത് 14 പെട്രോൾ പമ്പുകളാണ്. ഇതിൽ ആറെണ്ണം പ്രവർത്തനം തുടങ്ങി. നേരത്തേ മാഹി ടൗണിൽ മാത്രമാണ് പ്രധാനമായും പമ്പുകളുണ്ടായിരുന്നത്. ടൗൺ ഒഴിവാക്കി ദേശീയപാത വന്നതോടെയാണ് അതിന്റെ സർവീസ് റോഡുകളുടെ ഓരത്ത് പമ്പുകൾ വരുന്നത്. ഇങ്ങനെ സർവീസ് റോഡിലുള്ള പമ്പിലേക്കു വണ്ടിക്കാരെ വിളിച്ചുകയറ്റാനാണ് വലിയ ബോർഡുമായി ജീവനക്കാർ നിൽക്കുന്നത്.
പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മാഹിയിൽ നികുതി ഇളവു കാരണമാണ് ഇന്ധനത്തിന് വിലക്കുറവ്. പുതുച്ചേരി സർക്കാർ വരുമാന വർധനയ്ക്കായി നിയമം ലളിതമാക്കിയാണ് പമ്പുകൾ അനുവദിക്കുന്നത്. ബൈപാസിൽ നിലവിൽ വന്നതും വരാനിരിക്കുന്നതുമായ പമ്പുകൾക്കു പുറമേ, മാഹി, പള്ളൂർ, പന്തക്കൽ മേഖലയിൽ നിലവിൽ 19 പമ്പുകളാണുള്ളത്. പെട്രോളിന് 12 രൂപയോളം കുറവെന്നു കാണിച്ച് മാഹിയിലുടനീളം ബോർഡുകളും കാണാം.