ഇനി ബേക്കൽ കോട്ടയിലെത്തുന്നവർക്ക് ദൃശ്യശ്രാവ്യ വിരുന്ന് ആസ്വദിക്കാം
ബേക്കൽ : അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ടയിലെത്തുന്ന സഞ്ചാരികൾക്ക് വരും രാത്രികളിൽ ശബ്ദവും വെളിച്ചവും സമന്വയിക്കുന്ന ദൃശ്യശ്രാവ്യവിരുന്നും ആസ്വദിക്കാം. കോട്ടയുടെ ഉള്ളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കുക. ബേക്കൽ കോട്ടയുടെ ചരിത്രം വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും നൂതനരീതിയിലുള്ള ശബ്ദ, വെളിച്ച സംവിധാനങ്ങളുടെ പശ്ചാത്തലത്തിൽ നയനാനന്ദകരമായി അവതരിപ്പിക്കും. നാലുകോടി രൂപ ചെലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോട്ടകൊത്തളങ്ങളെയും കോട്ടയിലുള്ള വൃക്ഷങ്ങളെയും കഥാപാത്രങ്ങളാക്കിയ പരിപാടി രാത്രി ഏഴരയോടെ തുടങ്ങും. 240 ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. മലയാളത്തിൽ 40 മിനിറ്റ് പരിപാടിയാണുണ്ടാവുക. 30-നും 50-നുമിടയിൽ കാഴ്ചക്കാരുണ്ടെങ്കിൽ ഇംഗ്ലീഷിലുള്ള പരിപാടിയും കാണിക്കും. നടൻ ജയറാമും ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുമാണ് ശബ്ദം നൽകിയത്. നിലവിൽ ഒരാൾക്ക് 125 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 25 രൂപ പ്രവേശന ഫീസിനത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എ.എസ്.ഐ.) നൽകും. ബക്കി തുക ഡി.ടി.പി.സി.യും എ.എസ്.ഐ.യും തുല്യമായി വീതിക്കും.
രാത്രി പ്രദർശനം കാണാനെത്തുന്നവരെ കോട്ടയുടെ മറ്റിടങ്ങളിലേക്ക് കടക്കാൻ അനുവദിക്കില്ല.
ഫ്രഞ്ച് സാങ്കേതികസംവിധാനമായ ‘സോൺ-എറ്റ്-ലുമിയർ’ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഷോ ആണിത്. ഡിസംബർമുതൽ പൊതുജനങ്ങൾക്കായി ദിവസവും പരിപാടി ഉണ്ടാകുമെന്നാണ് സൂചന.ലൈറ്റ് ആൻഡ് സൗണ്ട് ഷോ യാഥാർഥ്യമാക്കുന്നതിൽ ചരിത്രകാരന്മാരായ ഡോ. സി. ബാലൻ, ഡോ. ശിവദാസൻ എന്നിവരുടെ കൃതികളെയാണ് ആശ്രയിച്ചത്. ബാഹുബലി ഉൾെപ്പടെയുള്ള സിനിമകളുടെ തിരക്കഥാകൃത്തായ വിജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നണിയിലുള്ളത്. െബംഗളൂരു ആസ്ഥാനമായുള്ള ബി.എൻ.എ. ടെക്നോളജി കൺസൾട്ടിങ് ആണ് ബേക്കലിൽ ഷോ ഒരുക്കുന്നത്. പ്രദർശനത്തിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രേൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു.
ബേക്കൽ കോട്ടക്കുള്ളിൽ നടന്ന ചടങ്ങിൽ കെ.കുഞ്ഞിരാമൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ, ടൂറിസം ഡയറക്ടർ പി.ബാല കിരൺ, ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു, എ.എസ്.ഐ. സൂപ്രണ്ട് കെ. പി. മോഹൻദാസ്, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, പഞ്ചായത്ത് അംഗം ആയിഷ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എൻ.എസ്.ബേബി ഷീജ, ഡി. ടി.പി.സി. സെക്രട്ടറി ബിജു രാഘവൻ, എന്നിവർ സംസരിച്ചു. പൊതുജനങ്ങൾക്കായുള്ള പ്രദർശനം ഉടൻ തുടങ്ങില്ല.