ഇന്ദിരാഗാന്ധിയെ പുകഴ്ത്തി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്; ‘യുദ്ധവേളയില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ചു’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. വര്‍ഷങ്ങളോളം രാജ്യത്തെ നയിച്ച ഇന്ദിരാഗാന്ധി യുദ്ധവേളയിലും മുന്നില്‍ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
1971ല്‍ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു പുകഴ്ത്തല്‍.
‘സായുധ സേനയിലെ സ്ത്രീകള്‍’ എന്ന വിഷയത്തില്‍ ഷാങ്ഹായി കോ ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരയ്ക്ക് പുറമേ റാണി ലക്ഷ്മി ഭായിയെയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെയും അദ്ദേഹം പുകഴ്ത്തി സംസാരിച്ചു.
രാജ്യവികസനത്തില്‍ സ്ത്രീശക്തിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്ബര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാന്‍ നിരവധി സ്ത്രീകള്‍ ആയുധമേന്തിയിട്ടുണ്ട്. അതില്‍ ഏറെ ആദരിക്കപ്പെടേണ്ട വ്യക്തികളില്‍ ഒരാളാണ് റാണി ലക്ഷ്മി ഭായ്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വര്‍ഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത് യുദ്ധസമയത്ത് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായിരുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

