അഫ്ഗാനിസ്താനിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്താനിലെ കാണ്ഡഹാറിലെ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 40 അധികം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള നമസ്കാരത്തിനിടെ ബിബി ഫാത്തിമ പള്ളിയിൽ ആണ് സ്ഫോടനം നടന്നത്.
വെള്ളിയാഴ്ചത്തെ നമസ്കാര ചടങ്ങുകളിൽ വലിയതോതിൽ ജനങ്ങൾ പങ്കെടുത്തിരുന്നതായി താലിബാൻ സർക്കാർ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ കുൺഡുസ് നഗരത്തിലെ സെയ്ദ് അബാദ് പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതിനു ശേഷമുണ്ടായ ഏറ്റവും വലിയ ബോംബ് ആക്രമണമായിരുന്നു ഇത്.

