ദുബൈ കെഎംസിസിയെ അടക്കി ഭരിച്ച നേതാവ്, ഒടുവില്‍ ലീഗില്‍ നിന്നു സസ്പെന്ഷന്; ഇബ്രാഹീം എളേറ്റിലിന് സംഭവിച്ചതെന്ത്

കോഴിക്കോട്: ദുബൈ കെഎംസിസി പ്രസിഡന്റും മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടറും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹീം എളേറ്റിലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിന് പിന്നില്‍ കെഎംസിസിയിലെ അധികാരത്തര്‍ക്കവും സാമ്ബത്തിക ക്രമക്കേടുകളുമെന്ന് സൂചന. ഏറെക്കാലമായി പലവിധത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്ന എളേറ്റിലിന്റെ കാര്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാര്‍ട്ടി കടുത്ത നടപടിയിലേക്കു നീങ്ങിയത്. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ തെറ്റിദ്ധരിപ്പിച്ച് ദുബൈ കെഎംസിസിയെ തന്റെ വരുതിയിലാക്കാന്‍ കരുക്കള്‍ നീക്കിയതും മിഡിലീസ്റ്റ് ചന്ദ്രികയ്ക്ക് കോടിക്കണക്കിന് രൂപയുടെ കടം വരുത്തിവെച്ചതും വര്‍ഷങ്ങള്‍ക്കു മുമ്ബുതന്നെ സാദിഖലി തങ്ങളുടെ അപ്രിയം പിടിച്ചുപറ്റിയതും എളേറ്റിലിന് തിരിച്ചടിയായെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
മിഡിലീസ്റ്റ് ചന്ദ്രികയുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേടടക്കം ഗുരുതര ആരോപണങ്ങള്‍ നേരിട്ട ഇബ്രാഹിം എളേറ്റില്‍ 2014-ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ദുബൈ കെഎംസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. എന്നാല്‍, 2018-ല്‍ ഇദ്ദേഹം തല്‍സ്ഥാനത്ത് തിരിച്ചെത്തി. സംഘടനയിലെ വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിനിടയിലും തെരഞ്ഞെടുപ്പ് ഒഴിവാക്കി ഹൈദരലി ശിഹാബ് തങ്ങള്‍ എളേറ്റിലിനെ പ്രസിഡണ്ടായി പ്രഖ്യാപിക്കുകയായിരുന്നു. ചന്ദ്രികയെ രക്ഷിച്ചെടുക്കാമെന്ന വാഗ്ദാനവും എതിര്പക്ഷത്തുള്ളവര്ക്കെതിരെയുള്ള ആരോപണങ്ങളും നിരത്തി ഹൈദരലി തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് എളേറ്റില്‍ പദവി പിടിച്ചെടുത്തതെന്ന് എതിര്‍പക്ഷത്തുള്ളവര്‍ ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് ഒഴിവാക്കി 2018-ല്‍ പ്രസിഡണ്ടിനെ തീരുമാനിച്ചതില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് വിവരം. സമീപകാലത്ത് പി.കെ അന്‍വര്‍ നഹയടക്കം തന്റെ എതിര്‍പക്ഷത്തുള്ളവര്‍ക്കെതിരായ നിയമനടപടികളുമായി എളേറ്റില്‍ മുന്നോട്ടുപോയതോടെ കടുത്ത നടപടി സ്വീകരിക്കാന്‍ സാദഖലി തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ലീഗ് വൃത്തങ്ങള്‍ പറയുന്നത്. അന്‍വര്‍ നഹ നേതൃത്വം നല്കിയ ദുബൈ കെഎംസിസി കമ്മിറ്റിക്കെതിരെ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ് എളേറ്റില്‍ ഉന്നയിച്ചത്. നേരത്തെ, അന്‍വര്‍ നഹയുടെയും അതിനു ശേഷമുള്ള എളേറ്റിലിന്റെയും നേതൃത്വത്തിലുള്ള കെഎംസിസി കമ്മിറ്റികളുടെ പ്രവര്‍ത്തനം പരേതനായ പി.എ ഇബ്രാഹീം ഹാജിയുടെ നേതൃത്വത്തിലുള്ള ഉപദേശക സമിതി ഓഡിറ്റ് ചെയ്ത് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതില്‍ നഹയുടെ കമ്മിറ്റിയി അപാകതകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് യുഎഇ കെഎംസിസി നേതൃത്വം പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാതെ കെഎംസിസി നേതൃത്വത്തിനെതിരെ ദുബൈ പൊലീസില്‍ പരാതി നല്കാന് എളേറ്റില്‍ തീരുമാനിച്ചു.
പൊലീസില്‍ പരാതി നല്കിയാല് സംഘടനയുടെ വിശ്വാസ്യതയ്ക്ക് കളങ്കമേല്‍ക്കുമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും സാദിഖലി തങ്ങള്‍ എളേറ്റിലിനോട് പറഞ്ഞിരുന്നെങ്കിലും അത് വകവെക്കാതെ പരാതി ഫയല്‍ ചെയ്യുകയായിരുന്നു. പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, പൊട്ടങ്കണ്ടി ഇസ്മായില്‍, അഡ്വക്കേറ്റ് സാജിദ് എന്നീ മുന്‍ ഭാരവാഹികള്‍ക്കെതിരെയാണ് പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡണ്ടിന്റെ വാക്കുകള്‍ക്കു വിലനല്കാതെയുള്ള ഈ നീക്കം കടുത്ത അച്ചടക്ക ലംഘനമായി കണ്ടാണ് പാര്‍ട്ടി സസ്പെന്‍ഷനിലേക്കു നീങ്ങിയത്. പ്രസിഡണ്ടായ ശേഷം സാദിഖലി തങ്ങള്‍ ദുബൈ സന്ദര്‍ശിച്ചപ്പോള്‍ എളേറ്റിലിന്റെ അനുയായികള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന വിമര്‍ശനവും ഈ നീക്കത്തിന് വേഗത കൂട്ടി.
സാമ്ബത്തിക ക്രമക്കേടുകളുടെ പേരില്‍ ആരോപണം നേരിടുന്ന എളേറ്റില്‍ മുഖം രക്ഷിക്കാനാണ് മുന്‍ ഭാരവാഹികള്‍ക്കെതിരെ തിരിഞ്ഞതെന്നാണ് എതിര്‍പക്ഷത്തുള്ളവര്‍ പറയുന്നത്. മിഡില്‍ ഈസ്റ്റ് ചന്ദ്രിക പ്രിന്റ് ചെയ്ത പ്രസ്സില്‍ കൊടുക്കാനുള്ള 4 മില്യണ്‍ ദിര്‍ഹം, ഒരു വ്യാപാര സ്ഥാപനത്തിനു കൊടുക്കാനുള്ള ഒരു മില്യണ്‍ ദിര്‍ഹം, റാസല്‍ഖൈമ ബാങ്കില്‍ നിന്ന് പേഴ്സണല്‍ ലോണ്‍ എടുത്ത അഞ്ചു ലക്ഷം ദിര്‍ഹം തുടങ്ങിയ സാമ്ബത്തിക ഇടപാടുകളില്‍ എളേറ്റിലിനെതിരെ ആരോപണമുണ്ട്. പാര്‍ട്ടി പത്രമായ ചന്ദ്രിക ദുബൈയില്‍ പൂട്ടേണ്ടി വന്നതിനു പിന്നില്‍ എളേറ്റിലിന്റെ പിടിപ്പുകേടാണെന്നും സംഘടനാ വൃത്തങ്ങള്‍ ആരോപിക്കുന്നുണ്ട്.

