എന്തുകൊണ്ട് ഇസ്രായേലിന്റെഅപായ സൈറണുകള്‍ മുഴങ്ങിയില്ല? സൈനിക താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ഹിസ്ബുല്ല

ഇസ്രായേലിന്റെ പേരുകേട്ട സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകള്‍ വീണ്ടും തെളിയിക്കുന്നതാണ് ഞായറാഴ്ച ദക്ഷിണ ഹൈഫയില്‍ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണം.
ബിൻയാമിനയിലെ സൈനിക താവളത്തിന് നേരെയുള്ള ആക്രമണത്തില്‍ നാല് സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേലി സൈന്യത്തിലെ ഉന്നത വിഭാഗമായ ഗോലാനി ബ്രിഗേഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു വർഷത്തിനിടെ ഇസ്രായേലിനെതിരെ ഹിസ്ബുല്ല നടത്തിയ ഏറ്റവും മാരകമായ ഡ്രോണ്‍ ആക്രമണമായിരുന്നുവിത്. സംഭവത്തിന് പിന്നാലെ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സ്ഥലം സന്ദർശിക്കുകയുണ്ടായി.
വരാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചന മാത്രമാണ് ഇതെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കി. എങ്ങനെയാണ് ആക്രമണം നടത്തിയതെന്നും ഹിസ്ബുല്ല പ്രസ്താവനയില്‍ പറയുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനം പ്രവർത്തനക്ഷമമാക്കാനായി നിരവധി മിസൈലുകള്‍ നഹാരിയയും അക്കയും ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ മിസൈല്‍ സേന വിക്ഷേപിച്ചു. ഇതോടൊപ്പം വ്യോമസേന ഡ്രോണുകളും അയക്കുകയായിരുന്നു. ഡ്രോണ്‍ പ്രതിരോധ റഡാറുകളുടെ വലയത്തില്‍പ്പെടാതെ ഇസ്രായേലിനകത്തേക്ക് തുളച്ചുകയറി. തുടർന്ന് ബിൻയാമിനയിലെ ലക്ഷ്യസ്ഥാനത്ത്
തുടർന്ന് ബിൻയാമിനയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു. ലെബനാന്റെ ഭൂമിയെ സംരക്ഷിക്കുന്നത് തുടരുമെന്നും ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രായേലി സൈനികർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഡ്രോണ്‍ പതിക്കുന്നത്. സൈറണ്‍ മുഴങ്ങാത്തതിനാല്‍ ഇവർക്ക് ഓടിരക്ഷപ്പെടാൻ സാധിച്ചില്ല. ഹിസ്ബുല്ലയുടെ പ്രധാന ചാവേർ ഡ്രോണായ മിർസാദ് ആണ് പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോർട്ട് ചെയ്യുന്നു. അബാബില്‍ -ടി എന്ന പേരിലാണ് ഇത് ഇറാനില്‍ അറിയപ്പെടുന്നത്. 120 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. മണിക്കൂറില്‍ 370 കിലോമീറ്ററാണ് പരമാവധി വേഗം. 40 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഇതിന് വഹിക്കാനാകും. കൂടാതെ 3000 മീറ്റർ ഉയരത്തില്‍ വരെ ഇതിന് പറക്കാനും സാധിക്കും.

