KSDLIVENEWS

Real news for everyone

രാജസ്ഥാനില്‍ ബസ്സിന് തീപ്പിടിച്ച് അപകടം: 19 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

SHARE THIS ON

ജയ്പുര്‍: രാജസ്ഥാനിലെ ജെയ്സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 19 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. കുട്ടികളും സ്ത്രീകളുമടക്കം 15 പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ജെയ്സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

ജെയ്സാല്‍മീറില്‍ നിന്ന് മൂന്ന് മണിയോടെയാണ് 57 യാത്രക്കാരുമായി ബസ് പുറപ്പെട്ടത്. തായെട്ട് ഗ്രാമം പിന്നിടുന്നതിനിടെയാണ് ബസിന്റെ പിന്‍ഭാഗത്ത് നിന്നാണ് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനുള്ളിലേക്ക് തീപടര്‍ന്നു. ഇതോടെ രക്ഷപ്പെടാനായി യാത്രക്കാരില്‍ പലരും ജനലും വാതിലുമുള്ള വശങ്ങളിലേക്ക് പാഞ്ഞു. തീ ഉയരുന്നത് കണ്ട് പ്രദേശവാസികളും ഗ്രാമവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. വെള്ളവും മണ്ണും കൊണ്ട് തീകെടുത്താന്‍ ശ്രമിച്ച ഇവര്‍ ബസില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടങ്ങി.

ഇതിനിടെ സംഭവമറിഞ്ഞ് അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായി. സമീപത്തുള്ള സൈനികത്താവളത്തിലെ സൈനികരും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി. പരിക്കേറ്റവരെ മൂന്ന് ആംബുലന്‍സുകളിലായി ജെയ്സാല്‍മീറിലുള്ള ജവഹര്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ ഗുരുതരമായി പരിക്കേറ്റവരെ ജോദ്ധ്പുരിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റി.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം സംഭവിച്ചതിന് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബസ് വാങ്ങിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. മരണപ്പെട്ടവരില്‍ പലര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ പൊള്ളലേറ്റിട്ടുണ്ടെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തി തിരിച്ചറിയല്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ പ്രതാപ് സിങ് വ്യക്തമാക്കി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പൊള്ളലേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും നല്‍കുമെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!