ഹമാസ് സമാധാന കരാർ ലംഘിച്ചു: ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാൻ ഇസ്രയേല്‍; 4 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി

നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി ഹമാസ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ നടപടി
ഗാസ: നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി ഹമാസ്. ഹമാസ് ആയുധം താഴെ വെക്കണമെന്നും അല്ലെങ്കിൽ അമേരിക്ക അവരെ നിരായുധീകരിക്കുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കൂടുതൽ മൃതദേഹങ്ങൾ വിട്ടു നൽകിയത്. അതേസമയം ഹമാസ് സമാധാന കരാർ ലംഘിച്ചെന്നും അതിനാൽ ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കൻ അതിർത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേൽ പ്രഖ്യാപിച്ചു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ കഴിയുന്നില്ലെന്നാണ് ഹമാസിന്‍റെ വിശദീകരണം.
പക്ഷേ ഇസ്രയേൽ കൈമാറിയ 45 തടവുകാരുടെ മൃതദേഹങ്ങൾ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നും ഇവരുടെ പേരുകൾ ഇസ്രയേൽ കൈമാറിയിട്ടില്ലെന്നും പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ മൃതദേഹങ്ങളും കൈകളും കാലുകളും കെട്ടിയിട്ട നിലയിലും വെടിയേറ്റ നിലയിലും ആണ്. ഇവർ എവിടെവെച്ച്, എങ്ങനെ, എപ്പോൾ മരിച്ചു എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ ഇസ്രയേൽ സേന ഒഴിഞ്ഞു പോയ ഗാസയുടെ നിയന്ത്രണം ഹമാസ് എറ്റെടുത്തു. ഏഴ് വിമതരെ ഹമാസ് തെരുവിൽ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു. വീഡിയോ സ്ഥിരീകരിച്ച ഹമാസ് ഇത് തിങ്കളാഴ്ച ചിത്രീകരിച്ചതാണെന്നും സമ്മതിച്ചിട്ടുണ്ട്.