കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവ് മരിച്ച സംഭവം ; ഞെട്ടൽ മാറാതെ കുബണൂർ

മഞ്ചേശ്വരം • കാട്ടുപന്നിയുടെ പരാക്രമത്തിൽ നാട്ടുകാരനായ യുവാവിന് മാരകമായി പരിക്കേറ്റുവെന്ന വാർത്ത കേട്ടാണ് കുബണൂരിൽ ശനിയാഴ്ച നേരംപുലർന്നത്. അതോടെ സംഭവം നടന്ന കുബണൂർ യു.പി. സ്കൂളിന് സമീപത്തേക്ക് നാട്ടുകാർ ഓടിയെത്തി. സംഭവമറിഞ്ഞ് ആദ്യമെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാജേഷിനെയാണ്. അപ്പോഴും കഴുത്തിലേറ്റ മാരകമായ മുറിവിൽനിന്ന് രക്തം വാർന്നൊഴുകിക്കൊണ്ടിരുന്നു. ഓടിക്കൂടിയവർ ഉടൻ തന്നെ വാഹനമെത്തിച്ചു.അപ്പോഴേക്കും തീരെ അവശനിലയിലായിരുന്നു. നിമിഷ നേരംകൊണ്ട് ബന്തിയോടുള്ള സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. ആഴത്തിലേറ്റ മുറിവും രക്തം വാർന്നൊഴുകുന്നതുമായ അവസ്ഥയിലായിരുന്നതിനാൽ കൂടുതലൊന്നും ചെയ്യാൻ സാധിച്ചില്ല. തുടർന്ന് വാഹനം വീണ്ടും മംഗളൂരുവിലെ ആസ്പത്രി ലക്ഷ്യമാക്കി പാഞ്ഞു. പക്ഷേ, പാതിവഴിയിൽവെച്ച് അവശേഷിച്ച പ്രാണനും നഷ്ടമായി. ഉറ്റവരുടേയും ഉടയവരുടേയും പ്രാർഥന വിഫലമായി.നാട്ടിലെ കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ സംഘാടകനും സജീവ സാന്നിധ്യവുമായിരുന്നു രാജേഷ്.അംബേദ്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകനുമായിരുന്നു. മികച്ച കബഡിതാരംകൂടിയാണ്. മരണവാർത്തയറിഞ്ഞതോടെ രാജേഷിന്റെ വീട്ടിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും എത്തിച്ചേർന്നു. നാടിനും നാട്ടുകാർക്കും പ്രിയങ്കരനായ യുവാവിന്റെ ആകസ്മിക വേർപാട് അവർക്ക് താങ്ങാനായില്ല. കൃഷിയിടങ്ങളിലെ പന്നിശല്യം ഈ മേഖലയിൽ പതിവായിരുന്നെങ്കിലും പന്നിയുടെ അക്രമണത്തിൽ മനുഷ്യജീവൻ നഷ്ടമാകുന്നത് ആദ്യമാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്ച വൈകുന്നേരം കുബണൂരിൽ സംസ്കരിച്ചു.

