പെരിയ സുബൈദ വധം ;
ലുക്കൗട്ട് നോട്ടീസിറക്കി ബേക്കൽ പോലീസ് ; കർണാടക അസീസിനെ കണ്ടെത്തിയാൽരണ്ടുലക്ഷം രൂപ പാരിതോഷികം

കാഞ്ഞങ്ങാട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ മുഖ്യപ്രതി കർണാടക അസീസി(33)നായി ബേക്കൽ പോലീസിന്റെ ലുക്കൗട്ട് നോട്ടീസ്.ഇയാളെ കണ്ടെത്തുന്നയാൾക്ക് രണ്ടുലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. അസീസിന്റെ വിവിധങ്ങളായ നാലു ഫോട്ടോ സഹിതമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കർണാടക കോടതിയിൽ ഹാജരാക്കി മടങ്ങവെ സുള്ള്യയിൽവച്ച് പോലീസിനെ കബളിപ്പിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. 2018 സെപ്റ്റംബർ 14-നായിരുന്നു സംഭവം.സുബൈദ വധം ഉൾപ്പെടെ കേരളത്തിലും കർണാടകയിലുമായി നിരവധി കേസിലെ പ്രതിയാണ് അസീസ്.മറ്റൊരു കേസിൽ സുള്ള്യ കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. ഉച്ചഭക്ഷണം കഴിച്ച് കാസർകോട് ബസ്സിൽ കയറിയിരുന്നതാണ്. ഒപ്പമുണ്ടായിരുന്ന എ.ആർ.പോലീസുകാരോട് മൂത്രമൊഴിക്കണമെന്ന് അസീസ് പറഞ്ഞു.ബസിൽനിന്നിറങ്ങി തൊട്ടടുത്ത മതിലിനടുത്തേക്ക് പോയി. മൂത്രമൊഴിക്കുന്നതായി നടിച്ച് പെട്ടെന്ന് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെട്ടു. രണ്ട് പോലീസുകാരും മതിൽ ചാടിക്കടന്ന് തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.സുള്ള്യ അജ്ജാവര ഗ്രാമത്തിലാണ് അസീസിന്റെ വീട്. അതുകൊണ്ടു തന്നെ പ്രദേശം നന്നായി അറിയുന്ന ഇയാൾ മിനുട്ടുകൾക്കുള്ളിൽ മതിലിനപ്പുറത്തെ വളപ്പിൽനിന്ന് ഓടിമറയുകയായിരുന്നു. എ.ആർ. പോലീസുകാർ ഉടൻ സുള്ള്യ പോലീസ് സ്റ്റേഷനിലെത്തി വിവരം നൽകുകയും സുള്ള്യ പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ ഫലവുമുണ്ടായില്ല. പിന്നീട് കേരള പോലീസ് പലയിടത്തായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 2018 ജനവരി 17-നാണ് ചെക്കിപ്പള്ളത്തെ വീട്ടിൽ തനിച്ചു താമസിക്കുന്ന പ്രദേശത്തെ കുടുംബശ്രീ പ്രസിഡന്റ് കൂടിയായ സുബൈദ കൊല്ലപ്പെട്ടത്. കാസർകോട് പട്ളയിലെ കെ.എം.അബ്ദുൾഖാദർ (26), പട്ള കുതിരപ്പാടിയിലെ പി.അബ്ദുൾ അസീസ് എന്ന ബാവ അസീസ് (23), കാസർകോട് മാന്യയിൽ താമസക്കാരനായ ഹർഷാദ് (30) എന്നിവരും ഈ കേസിൽ അറസ്റ്റിലായിരുന്നു. സംഭവം നടന്ന് ഒരുമാസത്തിനകംതന്നെ നാലുപേരും ജയിലിലായിരുന്നു. സഹോദരീഭർത്താവിന്റെ ജ്യേഷ്ഠത്തിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ കേസിലും പ്രതിയാണ് രക്ഷപ്പെട്ട അസീസ്.

