KSDLIVENEWS

Real news for everyone

എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

SHARE THIS ON

ചെന്നൈ: എലിവിഷം വച്ച മുറിയിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. ചെന്നൈയ്ക്കുസമീപത്തായിരുന്നു സംഭവം. ആറ് വയസുകാരി വിശാലിനിയും ഒരു വയസുകാരി സായി സുധനുമാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരൻ, പവിത്ര എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

ബാങ്ക് മാനേജരാണ് ഗിരിധരൻ. ഇവരുടെ വീട്ടിൽ എലിശല്യം രൂക്ഷമാണ്. ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഗിരിധരൻ കീടനാശിനി കമ്പനിയുടെ സഹായം തേടിയിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിലെത്തിയ കമ്പനി പ്രതിനിധികൾ എലിയെ നശിപ്പിക്കാനെന്നുപറഞ്ഞ് എലിവിഷം കിടപ്പുമുറിയിൽ ഉൾപ്പെടെ പലയിടത്തായി പൊടിച്ചിടുകയും സ്‌പ്രേചെയ്യുകയും ചെയ്തു.

ഇത് കാര്യമാക്കാതെ രാത്രി മുറിയിലെ എ സി പ്രവർത്തിപ്പിച്ച് നാലുപേരും കിടന്നുറങ്ങി. നേരം വെളുത്തിട്ടും ആരെയും പുറത്തുകാണാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിനുമുമ്പുതന്നെ ഇരുവരും മരിച്ചിരുന്നു. മാതാപിതാക്കൾ അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് വിദഗ്ദരുൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികൾ മരിച്ചതോടെ കീടനാശിനി കമ്പനിയുടെ ഉടമ ഒളിവിൽപ്പോയിരിക്കുകയാണ്. കമ്പനിയുമായി ബന്ധപ്പെട്ട ഒരാൾ അറസ്റ്റിലായി എന്ന് റിപ്പോർട്ടുണ്ട്. വിഷത്തിലെ രാസവസ്തുക്കൾ കലർന്ന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് കരുതുന്നത്.

ആലപ്പുഴയിൽ, എലിവിഷം പുരട്ട‌ിവച്ചിരുന്ന തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ച വിദ്യാർത്ഥിനി അടുത്തിടെ മരിച്ചിരുന്നു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി എന്ന പതിനഞ്ചുകാരിയാണ് മരിച്ചത്. എലികൾ കടുത്ത ശല്യമായതോടെ അവയെ തുരത്താൻ വീട്ടുകാർ തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചിരുന്നു. ഇതറിയാതെ സ്കൂളിൽ നിന്ന് വീട്ടിയെത്തിയ മണിക്കുട്ടി തേങ്ങാപ്പൂൾ എടുത്ത് കഴിക്കുകയായിരുന്നു. ആ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ മുത്തശ്ശിക്ക് റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ ഇതിന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോയ നേരത്തായിരുന്നു സംഭവം. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!