KSDLIVENEWS

Real news for everyone

വയനാട്ടിലേതിനെക്കാൾ ചെറിയ ദുരന്തമുണ്ടായ സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകി- എം.വി.ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ കേന്ദ്രസർക്കാർ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരേ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വയനാട്ടിലേതിനെക്കാൾ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് ദേശീയ-അന്തർദേശീയ സഹായങ്ങൾ ലഭിക്കുമായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

നേരത്തേ, പ്രളയദുരന്ത പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ദുരിതാശ്വാസ ഫണ്ട് സഹായമായി നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് ഗോവിന്ദൻ ആരോപിച്ചു. കേരളത്തിന്റെ പൊതുതാൽപര്യത്തോടൊപ്പം കേന്ദ്രസർക്കാർ നിൽക്കുന്നില്ല എന്നതുമാത്രമല്ല, നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നത്.

ഇത് ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. കേന്ദ്രനിലപാടുകൾക്കെതിരായ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. പ്രളയകാലത്ത് സാലറി ചലഞ്ചിനെ പോലും എതിർത്ത യുഡിഎഫ്, ഇക്കാര്യത്തിലും കേരളത്തിന്റെ പൊതുതാൽപര്യത്തൊടൊപ്പമല്ലെന്നും ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും യുഡിഫും ഒന്നിച്ചുനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

‘ബിജെപി കള്ളപ്പണത്തിൽ കുളിച്ച് നിൽക്കുകയാണെന്നും ഷാഫിക്ക് നാല് കോടി കൊടുത്തു എന്ന് കെ. സുരേന്ദ്രൻ പറയുന്നത് ഇവർ തമ്മിലുള്ള ഡീൽ വെളിവാക്കുന്നതാണെന്നും ഗോവിന്ദൻ ആരോപിച്ചു. കള്ളപ്പണ ഉപയോഗത്തിന്റ കാര്യത്തിൽ കോൺഗ്രസ് ബിജെപിയുടെ തൊട്ട് പിന്നിലുണ്ടെന്ന് പാലക്കാട്‌ സംഭവത്തിൽ നിന്നും മനസിലായി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താനകൾ പരിശോധിച്ചാൽ എൽ.ഡി.എഫിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാടും തൃശ്ശൂരും വടകരയും ചേർന്നുള്ള ഒരു ഡീൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

കൊടകര കേസിൽ 28 പ്രതികളെ അറസ്റ്റുചെയ്യുകയും കേസ് ഫലപ്രദമായി കേരള പോലീസ് കൈകാര്യം ചെയ്യുകയുമുണ്ടായി. എന്നാൽ കേരളാ പോലീസിന് ഇടപെടാൻ സാധിക്കാത്ത കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ്, കേന്ദ്ര ഏജൻസികൾക്ക് അയച്ചിട്ടും ഒരു നിലപാട് സ്വീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇതിനെതിരായി ശക്തമായ നിലപാട് സ്വീകരിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ല’, അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഒൻപത് പ്രമുഖ നേതാക്കൾ കോൺഗ്രസിൽ നിന്ന് പുറത്തുപോയി. കോൺഗ്രസുകാർ രാജിവെച്ചു ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുന്നു. പാലക്കാട്‌ തിരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കും. പാലക്കാട്‌ ജനത എൽഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു. പാലക്കാട് നടക്കുന്നത് എൽ.ഡി.എഫ്- യു.ഡി.എഫ് പോരാട്ടമാണ്. ബിജെപി മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്നും കഴിഞ്ഞ തവണ ഇ. ശ്രീധരന് കിട്ടിയ വോട്ട് ബി.ജെ.പിക്കും ഷാഫിക്ക് കിട്ടിയ വോട്ട് യു.ഡി.എഫിനും ഇത്തവണ കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!