KSDLIVENEWS

Real news for everyone

കീശ കീറുമോ? വീണ്ടും താരിഫ് വര്‍ധനവിന് ടെലികോം കമ്ബനികളുടെ സമ്മര്‍ദം

SHARE THIS ON

മുംബൈ: 2024 ജൂലൈ മാസം രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്ബനികളും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു.

റിലയന്‍സ് ജിയോ തുടങ്ങിയ നീക്കം പിന്നാലെ ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും (വിഐ) ഏറ്റെടുക്കുകയായിരുന്നു. അധികം വൈകാതെ അടുത്ത താരിഫ് വര്‍ധനയുണ്ടാകുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് പുതിയ സൂചന.

ജൂലൈ മാസം 25 ശതമാനം വരെയാണ് താരിഫ് നിരക്കുകളില്‍ സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കുകള്‍ വര്‍ധനവ് വരുത്തിയത്. ഇത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായിരുന്നു. വരുംഭാവിയില്‍ അടുത്ത നിരക്ക് വര്‍ധന ആവശ്യമാണെന്ന് കമ്ബനികള്‍ ഇതിനകം ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. വോഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെല്ലുമാണ് ഈ ആശയത്തിന് പിന്നില്‍. റിലയന്‍സ് ജിയോ കൂടി സമ്മതം മൂളിയാല്‍ താരിഫ് വര്‍ധനവ് വീണ്ടും സംഭവിച്ചേക്കാം.

ഇന്ത്യയിലെ ടെലികോം താരിഫ് ഘടനയില്‍ മാറ്റം വരണമെന്ന് വോഡാഫോണ്‍ ഐഡിയ സിഇഒ അക്ഷയ് മൂന്ദ്ര വാദിക്കുന്നു. ഏറ്റവുമൊടുവിലെ വര്‍ധന അടിസ്ഥാന താരിഫുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഭാവിയില്‍ അടിസ്ഥാന താരിഫുകള്‍ ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ പണം മുടക്കേണ്ട രീതിയിലേക്ക് രാജ്യത്തെ ടെലികോം താരിഫ് സംവിധാനം മാറേണ്ടതുണ്ട് എന്ന് വിഐ സിഇഒ വ്യക്തമാക്കുന്നു എന്നാണ് ടെലികോംടോക്കിന്‍റെ റിപ്പോര്‍ട്ട്.

താരിഫ് നിരക്കുകളില്‍ കൂടുതല്‍ പരിഷ്‌കാരം വേണമെന്ന നിലപാട് തന്നെയാണ് മറ്റൊരു സ്വകാര്യ ടെലികോം നെറ്റ്‌വര്‍ക്കായ ഭാരതി എയര്‍ടെല്ലിനുമുള്ളത്. ഇനി ജിയോ കൂടിയേ ഇക്കാര്യത്തില്‍ മനസ് തുറക്കാനുള്ളൂ. ജൂലൈയിലെ താരിഫ് വര്‍ധനവിന് ശേഷം വിഐയുടെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ 154 രൂപയില്‍ നിന്ന് 166 രൂപയായി ഉയര്‍ന്നു. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് വളരെ കുറവാണ്. എയര്‍ടെല്ലിന്‍റെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ 233 രൂപയും ജിയോയുടേത് 195.1 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!