ഡൽഹിയെ പൊതിഞ്ഞ് പുകമഞ്ഞ്; ശ്വസിക്കുന്നത് 30 സിഗരറ്റ് വലിക്കുന്നതിന് തുല്യം, ആശങ്ക പടരുന്നു
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതിന്റെ എല്ലാ സീമകളും ലംഘിച്ച് രാജ്യതലസ്ഥാനത്ത് വിഷപ്പുകയുടെ വിരുന്നൊരുക്കുമ്പോള്‍ അത് മനുഷ്യരിലുണ്ടാക്കുന്നത് അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. ദിവസം 25-30 സിഗരറ്റ് വലിച്ചാലുണ്ടാകുന്നത്രയും ആരോഗ്യപ്രശ്നങ്ങളാണ് ഇവിടെയുള്ള വായു ശ്വസിക്കുന്നതുകൊണ്ടുണ്ടാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഡല്‍ഹിയില്‍ പകല്‍ സമയങ്ങളില്‍ വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) 400-ന് മുകളില്‍ എത്തിയതോടെയാണ് ഇത് വലിയ ആരോഗ്യപ്രശ്ങ്ങളിലേക്ക് നയിക്കും എന്ന ആശങ്ക ശക്തമായിരിക്കുന്നത്. നിരന്തരമായ ചുമ, വിട്ടുമാറാത്ത പനി, തുടര്‍ച്ചയായി കണ്ണില്‍ വെള്ളം നിറയല്‍ എന്നിവയാണ് ഡൽഹി നിവാസികൾ പ്രധാനമായും അനുഭവിക്കുന്ന പ്രശ്നങ്ങൾ. കൂടാതെ ശ്വാസകോശ സംബന്ധമായ നിരവധി അസുഖങ്ങൾക്കും ഇതിടയാക്കുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ബ്രോങ്കൈറ്റിസ്, ന്യൂമോണിയ പോലുള്ളവ വലിയതോതിൽ വ്യാപിക്കുന്നു. വിഷലിപ്ത വായുവില്‍ അടങ്ങിയ സള്‍ഫര്‍ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ് എന്നിവയെല്ലാമാണ് വിട്ടുമാറാത്ത രോഗങ്ങളിലേക്ക് ആളുകളെ തള്ളിവിടുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയിലെ അന്തരീക്ഷ മലനീകരണം ഒരു വ്യക്തിയുടെ 7-8 വര്‍ഷത്തെ ആയുസ്സ് കുറയ്ക്കുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഇത് കാന്‍സര്‍ മൂലമുള്ള മരണങ്ങൾ വര്‍ധിപ്പിക്കാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായു ഗുണനിലവാര സൂചിക (എ.ക്യു.ഐ) പ്രകാരം പൂജ്യം മുതല്‍ 50 വരെയാണ് മികച്ച വായുഗുണനിലവാരം എന്ന വിഭാഗത്തിൽ ഉള്‍പ്പെടുന്നത്. 50 മുതല്‍ 100 വരെയാണ് ഉചിതമായത് അല്ലെങ്കില്‍ താരതമ്യേന മോശമല്ലാത്തത് എന്ന വിഭാഗത്തില്‍. 100 മുതല്‍ 200 വരെയാണ് മോശം അവസ്ഥ. 200 മുതല്‍ 300 വരെ അപകടകരമായ അവസ്ഥയാണ്. 300 മുതല്‍ 400 വരെയുള്ളത് മലിനീകരണം രൂക്ഷമായ വിഭാഗത്തില്‍പ്പെടുന്നു. എന്നാല്‍, 400 മുതല്‍ മുകളിലേയ്ക്കുള്ളത് അതീവ ഗുരുതരമായതും മനുഷ്യ ജീവനുതന്നെ അപകടമുള്ളതുമാണ്. ശരാശരി 48 വരെയാണ് കേരളത്തിലെ വായുഗുണനിലവാരം.