സ്റ്റാര്‍ക്കിന് 24.75 കോടി, കമിന്‍സിന് 20.50 കോടി; ലേലത്തില്‍ ഓസീസ് താരങ്ങള്‍ ‘കോളടിച്ചു

ദുബായ്: 2024 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ആരംഭിച്ചു. ദുബായിലെ കൊക്കകോള അരീനയിലാണ് ലേലം. ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഐ.പി.എല്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.50 കോടിക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ഐ.പി.എല്‍. ചരിത്രത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ തുകയാണിത്. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലുതും രണ്ടാമത്തേതുമായ തുകയ്ക്ക് വിറ്റുപോവുന്ന താരങ്ങള്‍ ഓസ്ട്രേലിയക്കാരായി. രണ്ട് കോടിയായിരുന്നു സ്റ്റാര്‍ക്കിന്റെയും കമ്മിന്‍സിന്റെയും അടിസ്ഥാന വില.
ADVERTISEMENT
ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന റോവ്മാന്‍ പവല്‍ 7.40 കോടിക്ക് രാജസ്ഥാന് റോയല്‍സില്‍. ലോകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കി. വലിയ വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂസീലന്‍ഡ് താരം രചിന് രവീന്ദ്രയെ 1.80 കോടിക്ക് ചെന്നൈ ടീമിലെത്തിച്ചു. ശാര്‍ദുല്‍ താക്കൂറിനെയും നാല് കോടിക്ക് ചെന്നൈ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കന്‍ താരം ജെറാള്‍ഡ് കോട്ട്സി അഞ്ചു കോടിക്ക് മുംബൈ ഇന്ത്യന്‍സിലെത്തി. ഹര്‍ഷല്‍ പട്ടേലിന് വലിയ തുക ലഭിച്ചു. 11.75 കോടിക്ക് പഞ്ചാബ് കിങ്സാണ് താരത്തെ സ്വന്തമാക്കിയത്. കിവീസിന്റെ ഡാരില്‍ മിച്ചലിനെ 14 കോടിക്കും ചെന്നൈ സ്വന്തമാക്കി

