ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ പാര്‍ലമെന്‍റില്‍; നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ ബില്ല് അവതരിപ്പിക്കും

ന്യുഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ പാർലമെന്‍റില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാള്‍ ബില്ല് അവതരിപ്പിക്കും.
ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്ല് സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിടാനാണ് സാധ്യത.
2034 മുതല്‍ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള വ്യവസ്ഥകളുമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ പാര്‍ലമെന്‍റിലേക്കെത്തുന്നത്. ഭരണഘടന അനുച്ഛേദം 83 ഉം 172 ഉം ഭേദഗതി ചെയ്തുള്ള ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഭേദഗതി ബില്ലുമാകും അവതരിപ്പിക്കുക. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ നിയമസഭകളുടെ കാലാവധി വെട്ടി ചുരുക്കേണ്ടി വരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു.
ആദ്യ ഘട്ടത്തില്‍ ലോക്സഭ നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനും പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ കൂടി അതില്‍ ഉള്‍പ്പെടുത്താനുമാണ് നീക്കം. ബില്ലുകള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ബില്ലില്‍ സമവായം ഉണ്ടാക്കാനാകും വഖഫ് നിയമഭേദഗതി ബില്‍ മാതൃകയില്‍ ജെപിസിക്ക് വിടുന്നത്. എങ്കിലും ബില്‍ പാസാകാന്‍ കടമ്ബകള്‍ ഏറെയാണ്. ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും.

