ഒരു കുടുംബത്തിലെ നാലുപേര്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു; യുവതി മരിച്ചു, തിരച്ചില്‍ തുടരുന്നു
![](https://ksdlivenews.com/wp-content/uploads/2025/01/image_editor_output_image-826038536-1737038978957-818x1024.jpg)
തൃശ്ശൂര്‍: ചെരുതുരത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. ചെറുതുരത്തി സ്വദേശികളാണ് ഒഴുക്കില്‍ പെട്ടത്. ഫയര്‍ഫോഴ്സും പോലീസും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ചെരുതുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീറിന്റെ ഭാര്യ ഷാഹിനയാണ് മരിച്ചത്. കാണാതായവര്‍ക്കായി ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ഷാഹിനയുടെ മൃതദേഹം കണ്ടെത്തിയത്.
കബീര്‍, ഭാര്യ ഷാഹിന, ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകള്‍ ഫുവാത്ത് (12) എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഇവര്‍ ഭാരതപ്പുഴ കാണാനെത്തുകയും പുഴയില്‍ ഇറങ്ങുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. നാലുപേരാണ് ഇവിടേക്ക് എത്തിയതെന്നും അതില്‍ മൂന്നുപേര്‍ മാത്രമാണ് വെള്ളത്തില്‍ ഇറങ്ങിയത് എന്നും വിവരമുണ്ട്.
വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. ഷാഹിനയുടെ മൃതദേഹം ചേലക്കര ആശുപത്രിയിലേക്ക് മാറ്റി.