KSDLIVENEWS

Real news for everyone

ഇറാന് നേരെയുള്ള ആക്രമണ പദ്ധതി അമേരിക്ക തൽക്കാലം മാറ്റിവെച്ചതായി റിപ്പോർട്ട്

SHARE THIS ON

ദുബൈ: ഇറാനു നേരെയുള്ള ആക്രമണ പദ്ധതി അമേരിക്ക തൽക്കാലം മാറ്റിവെച്ചതായി റിപ്പോർട്ട്. ഇറാന്‍റെ ഭാഗത്തുനിന്നുള്ള തിരിച്ചടി മുൻനിർത്തി ആക്രമണം മാറ്റി വെക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാൻ ഭരണകൂടത്തെ മറിച്ചിടാൻ പ്രക്ഷോഭകാരികൾക്ക് ശക്തിയില്ലെന്നും യുഎസ് വിലയിരുത്തുന്നുണ്ട്. കൂടുതൽ ഇറാൻ ഉദ്യോഗസ്ഥർക്കുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആക്രമണ പദ്ധതി ഉപേക്ഷിച്ചതായി യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ്ട്രംപ് പ്രഖ്യാപിച്ചിട്ടില്ല.

പ്രക്ഷോഭകർക്ക് നേരെ കടുത്ത നടപടി ഉണ്ടാകില്ലെന്നും വധശിക്ഷക്ക് വിധേയമാക്കില്ലെന്നും ഇറാൻ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് ട്രംപ് പറഞ്ഞു. ഗൾഫ്മേഖലയിലെ സൗഹൃദ രാജ്യങ്ങളുടെ സമ്മർദത്തിനു പുറമെ, ഖാംനഇ ഭരണകൂടത്തിന്‍റെ തകർച്ച ഉറപ്പാക്കാൻ നിലവിലുള്ള പ്രക്ഷോഭത്തിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതുമാണ് ആക്രമണ പദ്ധതി തൽക്കാലം മാറ്റിവെക്കാൻ യുഎസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ഇറാനിൽ അധികാരം പിടിച്ചെടുക്കാൻ അമേരിക്കയിൽ കഴിയുന്ന വിമതനേതാവ് റസ ഷാ പഹ്ലവിക്ക് കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തു.

അതിനിടെ, ഇറാനു നേരെ ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉറപ്പാണെന്നും ഒരുങ്ങാൻ സാവകാശം വേണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അമേരിക്കയെ അറിയിച്ചതായി ‘ആക്സിയസ്’ ഉൾപ്പെടെ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ യുഎൻ രക്ഷാസമിതിയുടെ പ്രത്യേകയോഗം ആശങ്ക രേഖപ്പെടുത്തി. മനുഷ്യാവകാശ സംരക്ഷണത്തിന് തന്‍റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും പ്രക്ഷോഭകരിൽ നുഴഞ്ഞു കയറിയ പുറം ശക്തികളാണ് അക്രമങ്ങൾക്ക് പിന്നിലെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛി യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസിനെ അറിയിച്ചു. ഇറാനിൽ സ്ഥിതിഗതികൾ തീർത്തും നിയന്ത്രണവിധേയമാണെന്ന് സർക്കാർ അറിയിച്ചു. ഇന്നലെ കാലത്ത് 5 മണിക്കൂർ നേരം ഇറാൻ വ്യോമാതിർത്തി അടച്ചിരുന്നു. സ്ഥിതിഗതികൾ കണക്കിലെടുത്ത് പല വിമാന കമ്പനികളും ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!