നരകത്തീയിൽ വെന്തുമരിക്കണമെന്ന് ശപിച്ചവർ തന്നെ മാണിസാറിന് സ്മാരകമൊരുക്കുന്നതിൽ സന്തോഷം– വി.ഡി സതീശൻ

തിരുവനന്തപുരം: കെ.എം. മാണിക്ക് സ്മാരകം പണിയാൻ തിരുവനന്തപുരത്ത് സ്ഥലം അനുവദിച്ച സർക്കാർ നടപടിയെ സ്വാഗതംചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ എടുത്ത നല്ല തിരുമാനമാണിതെന്നും വരാനിരിക്കുന്ന തലമുറ കെ.എം മാണിസാർ ആരായിരുന്നു എന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് ഒരു സ്മാരകം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ സ്ഥലം കിട്ടാൻ യുഡിഎഫും നിമിത്തമായതിൽ വലിയ സന്തോഷമുണ്ടെന്ന് പരിഹാസരൂപേണ സതീശൻ പറഞ്ഞു. അല്ലെങ്കിൽ 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോൾ എങ്ങനെ വന്നു. ഇക്കാര്യം ഇടതുപക്ഷംതന്നെ ചെയ്യണം. കാരണം അദ്ദേഹത്തെ അങ്ങനെയെല്ലാം അപമാനിക്കാൻ ശ്രമിച്ച ആളുകളാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്നത്. നരകത്തീയിൽ വെന്തുമരിക്കണമെന്ന് മാണിസാർ ജീവിച്ചിരിക്കുമ്പോൾ പ്രസംഗിച്ച ആളുകളാണ് സിപിഎം നേതാക്കൾ. അങ്ങനെ നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ കെ.എം. മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം പണിയാൻ അതേ ആളുകൾത്തന്നെ സ്ഥലം അനുവദിച്ചതിലെ സന്തോഷം പങ്കുവെയ്ക്കുന്നെന്നും സതീശൻ പറഞ്ഞു.
സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അത് അനുവദിക്കില്ലെന്നും അങ്ങനെയുള്ളവർക്ക് പാർട്ടി താക്കീത് കൊടുക്കും വ്യക്തമാക്കി. ആവർത്തിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയുമായുള്ള ചാറ്റ് പുറത്തുവിട്ട ഫെനി നൈനാന്റെ നടപടി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.
ഐഷ പോറ്റി കോൺഗ്രസിലേക്ക് വന്നപ്പോൾ സിപിഎം നേതാക്കൾക്ക് എന്തൊരു സങ്കടമാണെന്നും അദ്ദേഹം ചോദിച്ചു. എത്ര സിപിഎം നേതാക്കൻമാർ ബിജെപിയിലേക്ക് പോയി. അപ്പോഴൊന്നും സങ്കടമില്ല. ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നപ്പോഴാണ് വിഷമം. എകെജി സെന്ററിലിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നവർ എന്തൊക്കെയാണ് ചെയ്യുന്നത്. ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുമെന്ന് വാർത്ത കൊടുത്തു. തന്നെക്കുറിച്ച് ഒരു 10 കാർഡുകൾ എല്ലാ ദിവസവും ഇടുന്നുണ്ട്. ലോകംകണ്ട ഏറ്റവുംവലിയ കൊള്ളക്കാരനാണ് താനെന്നാണ് പ്രചരണം. അതിലൊന്നും ഒരു വിരോധവുമില്ല. അതുവഴി നല്ല പബ്ലിസിറ്റിയാണ് അവർ തനിക്കു നൽകുന്നത്. അവിടെയിരുന്ന് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നയാളെ നമ്മൾക്കറിയാമെന്ന് പറഞ്ഞു. അപ്പോഴതാ ഉടൻ തന്നെ ഒരാൾ രംഗപ്രവേശം ചെയ്തു. കോഴി കട്ടവൻ തലയിൽ പപ്പുണ്ടോ എന്ന് തപ്പി നോക്കുന്ന പോലെ. അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ടെന്നും സതീശൻ പരിഹസിച്ചു.
എൽഡിഎഫിലും എൻഡിഎയിലുമുള്ള കക്ഷികൾ യുഡിഎഫിലേക്ക് വരുമെന്ന കാര്യം താൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഇത്തരത്തിൽ വ്യക്തികൾ, ഗ്രൂപ്പുകൾ, സോഷ്യൽ ഗ്രൂപ്പുകൾ, എൻഡിഎയിലും എൽഡിഎഫിലും ഉള്ള രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ യുഡിഎഫിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

