ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളർ കടത്ത് കേസിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധമുള്ള കമ്പനിയായ യൂണി ടാക് ഉടമ സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് കസ്റ്റംസ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ഡോളർ കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ. മറ്റ് നാലു പ്രതികളിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ മറ്റു പ്രതികൾക്ക് കമ്മീഷൻ നൽകിയിരുന്നു. ഈ തുക ഡോളർ ആക്കി മാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകൾ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.
കേസിലെ മറ്റു പ്രതികൾ സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കർ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതൽ പ്രമുഖർ ഈ കേസിൽ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നൽകുന്നുണ്ട്.

