KSDLIVENEWS

Real news for everyone

H എടുത്താല്‍ ലൈസൻസ് കിട്ടില്ല, റിവേഴ്സും പാര്‍ക്കിംഗും ചെയ്യണം;പരിഷ്‌കാരം മേയ് മുതല്‍ നടപ്പാക്കിയേക്കും

SHARE THIS ON

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം മോട്ടോർ വാഹനവകുപ്പ് മേയ് മുതല്‍ നടപ്പാക്കിയേക്കും. ഇതനുസരിച്ചുള്ള പരിശോധനാകേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്.

എന്നാല്‍, ഡ്രൈവിങ് സ്കൂള്‍ ഉടമകളാണോ സർക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ട്. പരിഷ്കാരം സംബന്ധിച്ചു നിർദേശമറിയിക്കാൻ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പഴയതുപോലെ ‘എച്ച്‌’ എടുത്ത് ഇനി കാർ ലൈസൻസുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്സ് പാർക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാർക്കിങ്, ആംഗുലാർ പാർക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്.

ഈ സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. പുതിയരീതി ഉടൻ നടപ്പാക്കുമെന്നും അറിയിച്ചു. പരിശോധനാകേന്ദ്രങ്ങള്‍ ഒരുക്കണമെന്നു സ്കൂളുകാരോട് നിർദേശിച്ചിരുന്നു. ചിലർ സമ്മതിച്ചെങ്കിലും ചെലവോർത്ത്

അവരിപ്പോള്‍ ആശങ്കയിലാണ്.

നിലവിലെ പരിശോധനാരീതിയനുസരിച്ച്‌ ഏതു മൈതാനത്തും ‘എച്ച്‌’ എടുപ്പിക്കാം. എന്നാല്‍, പരിഷ്കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. ഇതൊരുക്കാൻ മൂന്നുമുതല്‍ അഞ്ചുവരെ ലക്ഷംരൂപ ചെലവാകുമെന്നു ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ പറയുന്നു.

സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോർവാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാൻ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!