KSDLIVENEWS

Real news for everyone

സ്വവര്‍ഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം കൊല്ലപ്പെട്ടു

SHARE THIS ON

കോപ്പ്ടൗണ്‍: ഇമാമും ഇസ്ലാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവർത്തകനുമായിരുന്ന മുഹ്സിൻ ഹെൻഡ്രിക്സ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.

ദക്ഷിണാഫ്രിക്കയുടെ തെക്കൻ നഗരമായ ഖെബേഹ (Gqeberha) വച്ചായിരുന്നു അന്ത്യം.

ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു മുഹ്സിൻ ഹെൻഡ്രിക്സ്. കാറിന്റെ പിറകിലെ സീറ്റില്‍ ഇരുന്നിരുന്ന ഇയാളെ ലക്ഷ്യമാക്കി മുഖം മറച്ച രണ്ട് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്ത് ആദ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇമാം ആണ് മുഹ്സിൻ ഹെൻഡ്രിക്സ്. കേപ് ടൗണിലാണ് ജനിച്ചത്. പാകിസ്താനിലെ ഇസ്ലാമിക് സർവ്വകലാശാലയില്‍ നിന്നാണ് പഠനം പൂർത്തിയാക്കിയത്. 1991 ല്‍ കേപ് ടൗണ്‍ സ്വദേശിയായ ഒരു സ്ത്രീയെ വിവാഹം ചെയ്തു. അതില്‍ രണ്ട് മക്കളുണ്ടായി. 1996 ല്‍ മുഹ്സിൻ ഹെൻഡ്രിക്സ് വിവാഹമോചിതനായി. തൊട്ടടുത്ത വർഷം സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച്‌ രംഗത്ത് വന്നു. അതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്ന് കടുത്ത വേർതിരിവും ഭീഷണിയും നേരിടേണ്ടി വന്നുവെങ്കിലും ഒറ്റയ്ക്ക് പോരാടി.

സ്വവർഗ്ഗാനുരാഗികള്‍ക്കും പാർശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലീങ്ങള്‍ക്കും സുരക്ഷിത താവളമെന്ന നിലയില്‍ ഒരു സംഘടനയ്ക്കും പ്രാർഥനാലയത്തിനും രൂപം നല്‍കി. ഒട്ടേറെ സ്വവർഗാനുരാഗ വിവാഹങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ക്വീർ സമൂഹത്തിന്റെ സ്വന്തം ഇമാം എന്നാണ് അറിയപ്പെട്ടിരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വല്‍, ട്രാൻസ് ആൻഡ് ഇന്റർസെക്സ് സംഘടനകള്‍ ഇമാമിന്റെ കൊലപാതകത്തെ അപലപിച്ചു.

ഹിന്ദുമത വിശ്വാസിയായ പുരുഷനാണ് മുഹ്സിൻ ഹെൻഡ്രിക്സിന്റെ ജീവിത പങ്കാളി. പതിനൊന്ന് വർഷമായി ഇവർ ഒരുമിച്ച്‌ ജീവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!