അപകടത്തില്പെട്ടവര് കുംഭമേളക്ക് പോകാനിരുന്നവര്‍, പ്ലാറ്റ്ഫോം നമ്ബര്‍ മാറ്റിയത് അവസാന നിമിഷം

ന്യുഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.
കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോകാനായി കൂട്ടത്തോടെ എത്തിയതാണ് തിക്കിനും തിരക്കിനും കാരണമായത്.
പ്ലാറ്റ്ഫോം നമ്ബർ അവസാന നിമിഷം മാറ്റിയത് അപകട കാരണമായതായി യാത്രക്കാർ പറഞ്ഞു. റെയില്‍വേയുടെ പരാജയമാണ് അപകട കാരണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി വിമർശിച്ചു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ അസാധാരണ തിരക്കുണ്ടായത്. പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ വരുന്ന 14,15 പ്ലാറ്റ്ഫോമുകളിലാണ് ആള്‍ക്കൂട്ടം തിങ്ങിക്കൂടിയത്. പ്രയാഗ്രാജ് എക്സ്പ്രസില്‍ പോകാനായി ആയിരങ്ങളാണ് രാത്രി സ്റ്റേഷനിലെത്തിയത്.
12, 13 പ്ലാറ്റ്ഫോമുകളില്‍ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകള്‍ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. 12ാം നമ്ബർ പ്ലാറ്റ്ഫോമില്‍ വരേണ്ടിയിരുന്ന ട്രെയിൻ അവസാന നിമിഷമാണ് പ്ലാറ്റ്ഫോം മാറ്റിയത്. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് യാത്രക്കാർ പറയുന്നത്. ചില ട്രെയിനുകള്‍ ക്യാൻസല്‍ ആയതും തിരക്ക് വർധിപ്പിച്ചു. ഇതോടെ തിക്കും തിരക്കുമുണ്ടായി. പിന്നാലെ സ്ത്രീകളും കുട്ടികളും നിലത്ത് വീണു.
അനിയന്ത്രിതമായ തിരക്കാണ് അപകട കാരണമെന്നും അന്വേഷണം ആരംഭിച്ചതായും റയില്‍വേ അറിയിച്ചു. മരിച്ചവരില്‍ ബിഹാറില്‍ നിന്നുള്ള എട്ട് പേരും ഹരിയാനയില്‍ നിന്ന് രണ്ട് പേരും ഉള്‍പ്പെടുന്നു. പൂർണ്ണവിവരങ്ങള്‍ സർക്കാർ പുറത്ത് വിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കുള്ളവർക്ക് ഒരു ലക്ഷം വീതവും റയില്‍വേ ധനസഹായം നല്‍കും.
ആദ്യഘട്ടത്തില്‍ അപകടം മറച്ചുവെക്കാൻ റെയില്‍വേ ശ്രമിച്ചിരുന്നു. റെയില്‍വേയുടെയും സർക്കാരിന്റെയും പരാജയമാണ് അപകടകാരണമെന്നും അശ്രദ്ധ കാരണം ഇനി ആർക്കും ജീവൻ നഷ്ടമാകരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.