പട്ടാപ്പകല്‍ ബാങ്ക് കൊള്ള: പ്രതിയുടെ സ്കൂട്ടര്‍ കണ്ടെത്താൻ ടിവിഎസ് എൻടോര്‍ക്ക് ഉടമകളുടെ പട്ടിക തയാറാക്കി പൊലീസ്

തൃശൂർ: ചാലക്കുടി ബാങ്കിലെ പട്ടാപ്പകല്‍ കത്തി കാട്ടി നടന്ന മോഷണത്തില്‍ പ്രതിയെ കണ്ടെത്താൻ പൊലീസ് സ്കൂട്ടർ ഉടമകളുടെ പട്ടിക തയാറാക്കി. മോഷ്ടാവ് എത്തിയ ടിവിഎസ് എൻടോർക്ക് സ്കൂട്ടർ തിരിച്ചറിയാനാണ് സ്കൂട്ടർ ഉടമകളുടെ പേരു വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്. രണ്ടു ജില്ലയിലെ വാഹനങ്ങളുടെ വിവരങ്ങളാണ് ശേഖരിച്ചത്.
ബാങ്ക് കൊള്ള നടന്ന രണ്ട് ദിവസമായിട്ടും പ്രതി ആരെന്ന് തിരിച്ചറിയാനാവാതെ വട്ടം കറങ്ങുകയാണ് അന്വേഷണസംഘം. പ്രതി ഉപയോഗിച്ച സ്കൂട്ടറിൻ്റെ നമ്ബർ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. അതോടെയാണ് സ്കൂട്ടർ ഉടമകളുടെ പേര് വിവരങ്ങള്‍ ശേഖരിച്ചത്. ടിവിഎസ് എൻ ടോർക്ക് സ്കൂട്ടർ ആണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ജില്ലകളിലെ എൻഡോർക്ക് സ്കൂട്ടർ ഉടമകളുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. പക്ഷേ അതിലുമുണ്ട് പ്രശ്നം. തൃശ്ശൂർ ജില്ലയില്‍ മാത്രം പതിനായിരത്തിലേറെ എൻഡോർക്ക് സ്കൂട്ടറുകളാണുള്ളത്. കൂടാതെ വാഹനം പ്രതി മോഷ്ടിച്ചതാവാനും സാധ്യതയുണ്ട്.
എൻഡോർക്ക് വാഹന ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തുന്ന അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താനാവും എന്ന പ്രതീക്ഷയിലാണ് പൊലീസ്. ഈ കഴിഞ്ഞ പതിനാലാം തീയതിയാണ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദിയാക്കി ഫെഡറല്‍ ബാങ്കിൻറെ പോട്ട ശാഖയില്‍ നിന്നും അജ്ഞാതൻ 15 ലക്ഷം രൂപ കവർന്നത്.