ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി; ഏപ്രിൽ 26ന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം ജൂൺ നാലിന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏപ്രിൽ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക. ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങൾക്കൊപ്പം ജൂൺ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി ചുതലയേറ്റ ഗ്യാനേഷ് കുമാർ, ഡോ. എസ്.എസ്. സന്ധു എന്നിവരും ഒപ്പമുണ്ടായിരുന്നു.
2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.
നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം.