KSDLIVENEWS

Real news for everyone

ഡിവൈഎസ്പിയുടെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ

SHARE THIS ON

ന്യൂഡൽഹി: കഷായത്തിൽ വിഷം ചേർത്തു നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കന്യാകുമാരി സ്വദേശി ഗ്രീഷ്മ ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് ഇവരുെട ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടി, സാങ്കേതിക കാരണങ്ങൾ ഉന്നയിച്ചാണ് ഗ്രീഷ്മയും സംഘവും ഹർജി ഫയൽ ചെയ്തത്. അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുള്ള അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നും ഹർജിയിലുണ്ട്.

ഇതേ ആവശ്യവുമായി ഗ്രീഷ്മ ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. ഗ്രീഷ്മയ്ക്കു പുറമേ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരുമാണ് മറ്റു ഹർജിക്കാർ. കേസിൽ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചിരുന്നു. പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ജാമ്യം അനുവദിച്ചത്.

പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തിരുന്നു. പ്രതി ആസൂത്രണം ചെയ്തു ക്രൂരമായി കൊല നടത്തുകയായിരുന്നുവെന്നും ഈ കേസിൽ തെളിവു നശിപ്പിക്കാനും ആത്മഹത്യയെന്നു വരുത്തിത്തീർക്കാനും ശ്രമമുണ്ടായെന്നും അറിയിച്ചെങ്കിലും, ഷാരോൺ രാജിന്റെ മരണമൊഴിയിൽ പ്രതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചതു കോടതി കണക്കിലെടുത്തു. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ലെന്നും വെറും 22 വയസ്സു മാത്രമാണു പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണയിൽ ഇടപെടുമെന്നോ ഒളിവിൽ പോകുമെന്നോ ആശങ്കയ്ക്ക് ഇടയില്ല. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്.

പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നു, കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. തുടർന്നു ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!